തൃത്താല: മൈതാനങ്ങളിലെ ആവേശത്തെ വെല്ലുന്ന പോരാട്ടമാണ് ഇക്കുറി തൃത്താലയിൽ. തുടർച്ചയായി രണ്ട് തവണ ജയം കൈപ്പിടിയിലൊതുക്കിയ യു.ഡി.എഫിലെ വി.ടി. ബൽറാമിനെ മുട്ടുകുത്തിച്ച് തട്ടകം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് നിയോഗിച്ചത് മുൻ എം.പി എം.ബി. രാജേഷിനെ. എൻ.ഡി.എക്ക് വേണ്ടി ശങ്കു ടി. ദാസ് എന്ന പുതുമുഖവും കളത്തിലിറങ്ങിയതോടെ പറയിപെറ്റ പന്തിരുകുലത്തിെൻറ മണ്ണിൽ അരങ്ങേറുന്നത് യുവപോരാളികൾ തമ്മിലുള്ള തീപാറും അങ്കം. 1967ലെ പ്രഥമ തെരഞ്ഞെടുപ്പിൽ വിജയം ഇടതിനായിരുന്നെങ്കിലും ഒരു പതിറ്റാണ്ടോളം മണ്ഡലം വലതിനൊപ്പമായിരുന്നു.
1991ല്‍ ഇടത്തോട്ട് ചാഞ്ഞ മണ്ഡലം 1996ലും 2001ലും 2006ലും ഇടതുപക്ഷം നിലനിർത്തി. 2011ല്‍ രൂപം മാറി ജനറൽ സീറ്റായ തൃത്താലയിൽ വി.ടി. ബല്‍റാമിലൂടെ യു.ഡി.എഫ് ഇടതുമുന്നേറ്റം തടഞ്ഞു. 2016ൽ രണ്ടാം അങ്കത്തിലും ജയം ബല്‍റാമിന്. ഇടതിനോടാണ് മണ്ഡലത്തിന് ചായ്വെങ്കിലും ബൽറാമിെൻറ വ്യക്തിപ്രഭാവമാണ് യു.ഡി.എഫിെൻറ ശക്തി. സീറ്റിനെച്ചൊല്ലി മുൻ ഡി.സി.സി അധ്യക്ഷൻ സി.വി. ബാലചന്ദ്രൻ ഉയർത്തിയ വിമതസ്വരം കെ.പി.സി.സി ഇടപെട്ട് തീർപ്പാക്കിയെങ്കിലും കോൺഗ്രസിൽ അപസ്വരം ബാക്കിയാണ്.
ന്യൂനപക്ഷ വോട്ടുകൾക്ക് വലിയ സ്വാധീനമുണ്ട് മണ്ഡലത്തിൽ. ബൽറാമിന് കിട്ടുന്ന ന്യൂനപക്ഷ േവാട്ടുകളെ ഇടതിന് എത്രത്തോളം സ്വാധീനിക്കാൻ കഴിയുമെന്നത് നിർണായകമാണ്.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായ എം.ബി. രാജേഷിനെ സ്ഥാനാർഥിയാക്കിയതിലൂടെ വിജയം മാത്രമാണ് ഇടത് ക്യാമ്പ് ലക്ഷ്യമിടുന്നത്. 2011ൽ കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന അത്ര അനായാസമല്ലാത്ത ദൗത്യമാണ് രാജേഷിന് മുമ്പിലുള്ളത്.
ബൽറാമിനെ നേരിടാൻ പ്രമുഖ സ്ഥാനാർഥിയെ കിട്ടിയതിലുള്ള ആവേശം ഇടതുക്യാമ്പിൽ പ്രകടമാണ്. സി.പി.എം ജില്ല ഘടകത്തിലെ വിഭാഗീയതയിൽ രാജേഷ് ഒരു പക്ഷത്തുണ്ടെങ്കിലും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ ഇടയില്ല. പോരാട്ടം കനത്തതാണെങ്കിലും വിജയം സുനിശ്ചിതമാണെന്ന് യു.ഡി.എഫ് ക്യാമ്പും മണ്ഡലം തിരിച്ചുപിടിക്കുമെന്ന് എൽ.ഡി.എഫും ആണയിടുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മേൽക്കൈ നേടിയിരുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതും വലതും ഏറെക്കുറെ ബലാബലത്തിലാണ്. കഴിഞ്ഞതവണ 14,000ൽപരം േവാട്ടുകൾ പെട്ടിയിലാക്കിയ ബി.ജെ.പി യുവാവായ ശങ്കു ടി. ദാസിനെ കളത്തിലിറക്കി വോട്ടുബലം വർധിപ്പിക്കാനുള്ള പുറപ്പാടിലാണ്.
യു.ഡി.എഫ് 47.16%
എൽ.ഡി.എഫ് 39.68%
ബി.ജെ.പി 10.29%
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.