തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വൈദ്യുതി ഉപയോഗം ഉയരുമ്പോൾ വിതരണ ശൃംഖലയിലെ തകരാറുകൾ ജനങ്ങളെ ബാധിക്കുന്നു. വോൾട്ടേജ് കുറവിന് പുറമേ, അമിത ലോഡ് മൂലമുള്ള വൈദ്യുതി തകരാറും വ്യാപകമാണ്. തകരാറുകൾ ഉടൻ പരിഹരിക്കാൻ ക്രമീകരണമൊരുക്കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി ആവർത്തിക്കുമ്പോഴും പരാതികൾ കുറയുന്നില്ല. ഈ നിലയിൽ വൈദ്യുതിയുടെ വർധിച്ച ആവശ്യം തുടർന്നാൽ വിതരണ മേഖലയിലെ പ്രതിസന്ധി വരും ദിവസങ്ങളിൽ രൂക്ഷമായേക്കുമെന്നാണ് ആശങ്ക.
ലോഡ് പരിശോധിച്ച് ആവശ്യമായിടങ്ങളിൽ അനുയോജ്യമായ ട്രാൻസ്ഫോർമറുകൾ മാറ്റി സ്ഥാപിക്കുന്നതടക്കം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വൈദ്യുതി തടസ്സത്തിന് കുറവുണ്ടാവുന്നില്ല. ആഭ്യന്തര വൈദ്യുത ഉൽപാദനം ഇനിയും കുറയാനുള്ള സാധ്യതയും ആശങ്ക കൂട്ടുന്നു. കഴിഞ്ഞ ദിവസത്തെ ആകെ ആഭ്യന്തര ഉൽപാദനം 23.7486 ദശലക്ഷം യൂനിറ്റായിരുന്നു. പീക്ക് സമയത്തടക്കം ആവശ്യം വലിയതോതിൽ കൂടിയതിനാൽ 86.3553 ദശലക്ഷം യൂനിറ്റ് വൈദ്യുതി പുറത്തുനിന്നു വാങ്ങേണ്ടിവന്നു.
വൈദ്യുതിയുടെ ആവശ്യകത ചരിത്രത്തിലില്ലാത്തവിധം വർധിച്ചിട്ടും ഇതുവരെ നിയന്ത്രണം വേണ്ടിവരാത്തത് നേട്ടമായാണ് സംസ്ഥാന ഊർജ വകുപ്പ് അവകാശപ്പെടുന്നത്. പുതിയ സബ് സ്റ്റേഷൻ സ്ഥാപിച്ചതും ശേഷികൂട്ടിയതും പ്രതിസന്ധി നേരിടാൻ പര്യാപ്തമാക്കിയെന്നാണ് സർക്കാർ വാദം.
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കാർഡിട്ട് 11 കോടി യൂനിറ്റ് (110.1039 ദശലക്ഷം യൂണിറ്റ്) കടന്നു. പീക്ക് സമയത്തെ ഉപയോഗം ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി (5487 മെഗാവാട്ട്). ആഭ്യന്തര വൈദ്യുതി ഉൽപാദനം പീക്ക് സമയത്ത് 1636 മെഗാവാട്ട് മാത്രമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.