തിരുവനന്തപുരം: ചൂട് വർധിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗത്തിലും വർധന. പീക്ക് സമയത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപയോഗം (5347 മെഗാവാട്ട്) വ്യാഴാഴ്ച രേഖപ്പെടുത്തി. കഴിഞ്ഞ മേയ് രണ്ടിന് ഉപയോഗിച്ച 5797 മെഗാവാട്ടാണ് സംസ്ഥാനത്തെ പീക്ക് സമയ റെക്കോഡ് ഉപയോഗം.
ഉയർന്ന ചൂടിലും ഇടക്ക് വേനൽമഴയെത്തുന്നത് വൈദ്യുതി ഉപയോഗം വലിയ തോതിൽ വർധിക്കാത്തതിന് കാരണമായി. വേനൽമഴ കുറയുന്ന സാഹചര്യമുണ്ടായാൽ വൈദ്യുതി ആവശ്യകത കുതിച്ചുയരാനാണ് സാധ്യത. വ്യാഴാഴ്ചയിലെ ആകെ വൈദ്യുതി ഉപയോഗം 101.1005 ദശലക്ഷം യൂനിറ്റായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഉയർന്ന ഉപയോഗം മാർച്ച് ഏഴിലെ 102.78 ദശലക്ഷം യൂനിറ്റാണ്.
കഴിഞ്ഞ വർഷത്തേതിന് സമാനമായ വൈദ്യുതി ഉപയോഗമുണ്ടായാലും ഇത്തവണ പ്രതിസന്ധി കൂടാതെ, മുന്നോട്ടുപോകാമെന്ന ആത്മവിശ്വാസത്തിലാണ് കെ.എസ്.ഇ.ബി. ഓവർലോഡ് മൂലമുണ്ടാകുന്ന തകരാർ കഴിയുന്നത്ര കുറക്കാൻ ക്രമീകരണമൊരുക്കി. 250 കെ.വി.എ, 160 കെ.വി.എ, 100 കെ.വി.എ ട്രാൻസ്ഫോർമറുകൾ ആവശ്യാനുസരണം സജ്ജീകരിച്ചതിന് പുറമെ, തകരാറിലാകുന്നതിനു പകരം സ്ഥാപിക്കാൻ 100 ട്രാന്‍സ്ഫോര്‍മറുകൾ കരുതിയിട്ടുമുണ്ട്. മേയ് മാസത്തിൽ ട്രാന്‍സ്ഫോര്‍മര്‍ നല്‍കാമെന്ന് കരാറില്‍ ഏര്‍പ്പെട്ട സ്ഥാപനങ്ങളോട് കഴിയുന്നത്ര നേരത്തേ കൈമാറാൻ നിർദേശം നൽകി.
ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനാകില്ലെങ്കിലും പുറത്തുനിന്നുള്ള വൈദ്യുതി മേയ് വരെ ആവശ്യാനുസരണം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഈ മാസം 300 മെഗാവാട്ടും ഏപ്രിലിൽ 695 മെഗാവാട്ടും മേയിൽ 250 മെഗാവാട്ടും മുഴുവൻ സമയ ലഭ്യതയിൽ വൈദ്യുതി വാങ്ങാൻ ഹ്രസ്വകാല കരാറുണ്ട്. 355 മെഗാവാട്ട് വീതമുള്ള ഹ്രസ്വകാല കരാറുകൾ വഴി ഏപ്രിൽ, മേയ് മാസങ്ങളിൽ പീക്ക് സമയത്ത് വൈദ്യുതി ഉറപ്പാക്കാനാകും.
കേന്ദ്ര വിഹിതമായി 2024 ഒക്ടോബർ മുതൽ ലഭിക്കുന്ന 177 മെഗാവാട്ട് അധിക വിഹിതം 2025 ജൂൺ വരെ തുടരുന്നതും ആശ്വാസമാണ്. എൻ.ടി.പി.സിയുടെ ബിഹാറിലെ ബാർ നിലയത്തിൽ നിന്നാണ് ഇത് ലഭിക്കുന്നത്. എൻ.ടി.പി.സി നിലയങ്ങളിൽ നിന്ന് കൂടുതൽ വിഹിതത്തിനുള്ള ശ്രമവും നടക്കുന്നുണ്ട്. വിവിധ കമ്പനികളുമായുള്ള കൈമാറ്റ കരാറുകൾ (ബാങ്കിങ്) വഴിയുള്ള വൈദ്യുതിയും വൈകാതെ ലഭിച്ചുതുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.