തിരുവനന്തപുരം: ആനകളെ വരച്ചവരയിൽ നിർത്താറുള്ള പാപ്പാന്മാർ ഒടുവിൽ പി.എസ്.സിക്ക് മുന്നിൽ സുല്ലിട്ടു. കഴിഞ്ഞ 14ന് വനംവകുപ്പിന് കീഴിലെ ആനപ്പാപ്പാന്മാർക്കായി നടത്തിയ പി.എസ്.സി പരീക്ഷയിലാണ് ചോദ്യങ്ങൾ കണ്ട് പാപ്പാന്മാരുടെ കിളി പറന്നത്. ചോദ്യപേപ്പറിൽ ദ്രവ്യവും പിണ്ഡവും ലസാഗുവും ഉസാഘയുമൊക്കെയുണ്ടായിരുന്നെങ്കിലും ആനയെ കുറിച്ചുമാത്രം ചോദ്യപേപ്പറിൽ ഉണ്ടായിരുന്നില്ല. ഇതോടെ ഒന്നരമണിക്കൂറിലെ പരീക്ഷ അരമണിക്കൂറിനുള്ളിൽ എഴുതിതീർത്ത് പരീക്ഷ ഹാളിൽ ഉറങ്ങിതീർക്കുകയായിരുന്നു ഉദ്യോഗാർഥികൾ.
പാരപ്പെറ്റിൽ വെച്ചിരിക്കുന്ന ചെടിച്ചട്ടി താഴേക്ക് പതിക്കുമ്പോൾ ഉണ്ടാകുന്ന ഊർജമാറ്റമേത്? യുദ്ധക്കപ്പലായ ഐ.എൻ.എസ് മഹീന്ദ്രക്ക് ഇന്ത്യയിലെ ഏതു സംസ്ഥാനത്തെ മലനിരകളുടെ പേരാണ് നൽകിയിരിക്കുന്നത്? ദൃശ്യ പ്രകാശം അതിന്റെ ഘടക വർണങ്ങളായി വേർ തിരിയുന്ന പ്രതിഭാസം ഏത്? ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്തിലാണ് മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നത്? പിന്നീട് സ്വാതന്ത്ര്യ സമരം, ആറ്റത്തിന്റെ ഘടന, സൗരയൂഥവും സവിശേഷതകളും സാംക്രമിക രോഗങ്ങളും വർഗവും വർഗമൂലവും ചോദ്യങ്ങളായി എത്തിയതോടെ ചോദ്യപേപ്പറിന് മുന്നിൽ നക്ഷത്രക്കാലെണ്ണുകയായിരുന്നു ഉദ്യോഗാർഥികൾ.
ദേവസ്വം ബോർഡുകളിൽ നാലാം ക്ലാസാണ് ആനപ്പാപ്പാന്മാരുടെ യോഗ്യത. പ്രായോഗിക വിജ്ഞാനത്തിനാണ് പരിഗണന. പക്ഷേ, വനംവകുപ്പിൽ ജോലി വേണമെങ്കിൽ പാപ്പാന്മാർ ഏഴാം ക്ലാസെങ്കിലും പാസായിരിക്കണം. ആന പരിചരണത്തിനെന്തിനാണ് എൽ.ഡി.സി പരിജ്ഞാനം എന്നാണ് ഉദ്യോഗാർഥികളുടെ ചോദ്യം. എന്നാൽ, പാപ്പാന്മാർക്ക് കമീഷൻ നിശ്ചയിച്ച പ്രകാരം ഏഴാം ക്ലാസ് യോഗ്യതക്ക് അനുസരിച്ചുള്ള ചോദ്യങ്ങളാണ് നൽകിയതെന്നും ആനയെ പരിചരിക്കുന്നതിലെ യോഗ്യത മനസ്സിലാക്കുന്നതിന് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഉദ്യോഗാർഥികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് പി.എസ്.സിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.