തിരുവനന്തപുരം: റദ്ദായ ഓർഡിനൻസുകൾ ബില്ലായി അവതരിപ്പിക്കുന്നതിനുള്ള പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. 10 ദിവസം സമ്മേളിക്കുന്ന സഭ സെപ്റ്റംബര്‍ രണ്ടിന് പിരിയുമെന്ന് സ്പീക്കർ എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നിലവിലുണ്ടായിരുന്ന ഓര്ഡിനന്സുകള്ക്കുപകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കുന്നതിന് പ്രത്യേക സമ്മേളനം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ചേരുമെന്ന പ്രഖ്യാപനത്തോടെയാണ് അഞ്ചാം സമ്മേളനം അവസാനിപ്പിച്ചത്. എന്നാല്‍ 11 ഓര്‍ഡിനന്‍സുകള്‍ റദ്ദാവുന്ന അസാധാരണ സ്ഥിതിവിശേഷം മറികടക്കുന്നതിനായാണ് വീണ്ടും സമ്മേളനം ചേരുന്നതെന്ന് സ്പീക്കർ പറഞ്ഞു.
ആദ്യ ദിനമായ 22ന് സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങള്‍ അനുസ്മരിച്ചുള്ള പ്രത്യേക യോഗത്തിനാണ് സമയം നീക്കിെവച്ചിട്ടുള്ളത്. അന്ന് മറ്റ് നടപടികള്‍ ഉണ്ടായിരിക്കില്ല. 23 മുതൽ എല്ലാ നിയമസഭനടപടികളും ഉണ്ടാവും. ആഗസ്റ്റ് 23, 24 തീയതികളിലെ നിയമനിര്‍മാണത്തിനുള്ള സമയം ആറ് ബില്ലുകളുടെ അവതരണത്തിനും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് അയക്കണമെന്ന പ്രമേയത്തിന്റെ പരിഗണനക്കുമായി വിനിയോഗിക്കും.
2022ലെ കേരള സഹകരണസംഘ (രണ്ടാം ഭേദഗതി) ബില്‍, കേരള മാരിടൈം ബോര്‍ഡ് (ഭേദഗതി) ബില്‍, 2021ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍ എന്നിവ 23ന് ചർച്ച ചെയ്ത് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടും. 24ന് ദി കേരള ലോകായുക്ത (ഭേദഗതി) ബില്‍, കേരള പബ്ലിക് സര്‍വിസ് കമീഷന് (അഡീഷനല്‍ ഫങ്ഷന്‍സ് ആസ് റെസ്പെക്റ്റ്സ് സെര്‍ട്ടന്‍ കോര്‍പറേഷന്‍സ് ആൻഡ് കമ്പനീസ്) ഭേദഗതി ബില്‍, 2022ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്‍ എന്നിവയും ചർച്ച ചെയ്യും. സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച സഭ പിരിഞ്ഞശേഷം ചേരുന്ന കാര്യോപദേശക സമിതി തുടര്‍ന്നുള്ള ദിനങ്ങളിലെ നിയമനിര്‍മാണത്തിനായുള്ള സമയക്രമം സംബന്ധിച്ച് ചര്‍ച്ച ചെയ്ത് യുക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.