ബേപ്പൂർ: ബേപ്പൂരും ലക്ഷദ്വീപുകാരുമായുള്ള ബന്ധം ക്രമേണ അകലുന്നു. രണ്ടുവർഷം മുമ്പ് യാത്രാക്കപ്പൽ നിർത്തലാക്കുകയും ദ്വീപ് ഭരണകൂടത്തിന്റെ ബേപ്പൂർ തുറമുഖത്തെ കാര്യാലയങ്ങൾ ഒന്നൊന്നായി മംഗളൂരുവിലേക്ക് മാറ്റുന്ന നടപടിയും ആരംഭിച്ചതോടെ ദ്വീപുകാർ ബേപ്പൂരിൽനിന്നും പിൻവാങ്ങുകയാണ്.
ആദ്യശ്രമം പരാജയം, വീണ്ടും നീക്കം
നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ലക്ഷദ്വീപും ബേപ്പൂരുമായുള്ള ബന്ധം പൂർണമായും മംഗളൂരുവിലേക്ക് പറിച്ചുനടാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നേരത്തെ ഒരുങ്ങിയെങ്കിലും, വിവിധ രാഷ്ട്രീയ പാർട്ടികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് താൽക്കാലികമായി മാറ്റിവെച്ചിരുന്നുവെങ്കിലും ഇവ ഇപ്പോൾ നടപ്പിലാക്കിവരുകയാണ്.
അടുത്തിടെ ബേപ്പൂരിലെ ദ്വീപ് കാര്യാലയങ്ങൾ സന്ദർശിച്ച കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ കാര്യാലയങ്ങളെല്ലാം പൂട്ടണമെന്ന് അഭിപ്രായപ്പെട്ടതോടെയാണ് ഓഫിസുകൾ നിർത്തലാക്കാനുള്ള നീക്കം വേഗത്തിലാക്കിയത്.
ബേപ്പൂർ തുറമുഖത്ത് ചരക്കുകൾ ഇറക്കുന്നതിനും കയറ്റുന്നതിനും, മംഗളൂരു തുറമുഖത്തെ അപേക്ഷിച്ച് തൊഴിലാളികളുടെ കൂലി കൂടുതലാണെന്നുള്ള ആക്ഷേപം നേരത്തെതന്നെ ശക്തമാണ്. ബേപ്പൂർ തുറമുഖം വഴിയുള്ള കയറ്റിറക്ക് തൊഴിൽകൂലി കൂടുതലാണെന്ന വാദം ഉന്നയിച്ചാണ് ബേപ്പൂരിലെ ദ്വീപ് കാര്യാലയങ്ങൾ മംഗളൂരുവിലേക്ക് മാറ്റാൻ ശ്രമിക്കുന്നതെന്നും പറയപ്പെടുന്നു.
വിവിധ തൊഴിലാളി സംഘടനകളുമായി ബന്ധപ്പെട്ട് 200 ഓളം തൊഴിലാളികൾ തുറമുഖത്ത് ജോലി ചെയ്യുന്നുണ്ട്.
2004 ഡിസംബറിലെ സൂനാമി ദുരന്തത്തെ തുടർന്നാണ് ദ്വീപുകാർ വ്യാപകമായി ബേപ്പൂരിലും പരിസരപ്രദേശങ്ങളിലും വീടുകൾ വിലക്കുവാങ്ങി കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കുന്നതിന് തുടക്കമിട്ടത്. ചികിത്സാ ആവശ്യത്തിനും വിദ്യാഭ്യാസ ആവശ്യാർഥവും വാണിജ്യ ആവശ്യങ്ങൾക്കുമാണ് ദ്വീപുകാർ ബേപ്പൂരിൽത്തന്നെ തങ്ങുന്നത്.
നിലവിൽ ലക്ഷദ്വീപ് പോർട്ട് ഓഫിസ്, പൊലീസ് ഔട്ട് പോസ്റ്റ്, ലക്ഷദ്വീപ് മാർക്കറ്റിങ് ഫെഡറേഷൻ, മൃഗസംരക്ഷണം, കൃഷി വകുപ്പ് ഓഫിസ് എന്നീ കാര്യാലയങ്ങൾ ബേപ്പൂരിലാണ് പ്രവർത്തിക്കുന്നത്.
ലക്ഷദ്വീപ് ഭരണകൂടത്തിനുകീഴിൽ ബേപ്പൂരിൽ കാൽനൂറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവന്നിരുന്ന പൊതുമരാമത്ത് വിഭാഗം ഓഫിസ് നേരത്തേ പൂട്ടി. ബേപ്പൂർ തുറമുഖത്ത് നിന്നുള്ള ഡീസൽ കയറ്റുമതി മറ്റു തുറമുഖങ്ങളിലേക്ക് മാറ്റിയതോടെ, ലക്ഷദ്വീപ് വിദ്യുച്ഛക്തി വിഭാഗത്തിന്റെ ഒരു യൂനിറ്റ് മാത്രമാണ് ഇപ്പോൾ ബേപ്പൂർ ജങ്കാർ ജെട്ടിക്കുസമീപം പ്രവർത്തിക്കുന്നത്.
50 വർഷത്തിലധികമായി ബേപ്പൂരിലെ വികസനത്തിന്റെ ഭാഗമായ ലക്ഷദ്വീപ് കാര്യാലയങ്ങൾ ഒന്നൊന്നായി മംഗളൂരുവിലേക്ക് മാറ്റി സ്ഥാപിച്ചാൽ ദ്വീപുകാർ ബേപ്പൂർ തുറമുഖം പൂർണമായും വിട്ടുപോകും. ഇതോടെ വലിയതോതിലുള്ള തൊഴിൽ നഷ്ടം സംഭവിക്കും.
ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ബേപ്പൂരിൽ പ്രവർത്തിക്കുന്ന നിരവധി വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടിവരും. ചരക്ക് ഏജന്റുമാരും അനുബന്ധ ജോലിക്കാരും വഴിയാധാരമാകും. നിലവിൽ ശേഷിക്കുന്ന ഓഫിസുകളും പൂട്ടുന്നതോടെ ബേപ്പൂരിന്റെ വികസനത്തെയും ഇരുപ്രദേശങ്ങളും തമ്മിലുള്ള സാംസ്കാരിക-സാമ്പത്തിക ബന്ധത്തെയും കാര്യമായി ബാധിക്കും.
ദ്വീപിലേക്ക് പാചകവാതകം കൊണ്ടുപോകാനായി എത്തുന്ന ‘എലികൽപ്പേനി’ ബാർജും, ചരക്കുകൾ കയറ്റിപ്പോകുന്ന സാഗർ സാമ്രാജ്, സാഗർ യുവരാജ് എന്നീ ബാർജുകളും വിരലിലെണ്ണാവുന്ന ഏതാനും ഉരുക്കളും മാത്രമാണ് ഇപ്പോൾ തുറമുഖത്തെത്തുന്നത്.
മുമ്പില്ലാത്ത വിധം, മതിയായ ചരക്കുകൾ ലഭിക്കാതെ ദിവസങ്ങളോളം ഇവ വാർഫിൽ കെട്ടിക്കിടക്കേണ്ട അവസ്ഥയാണ്. കവറത്തി, മിനിക്കോയ്, ആന്ത്രോത്ത്, കൽപേനി, കിൽത്താൻ, അമേനി, കടമത്ത്, ചേത്തലത്ത് ദ്വീപുകളിലേക്കാണ് ഉരുകളിലും ബാർജിലുമായി ബേപ്പൂരിൽ നിന്നും ചരക്കുകൾ കയറ്റുമതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.