കാസർകോട്: ചികിത്സക്കും നഷ്ടപരിഹാരത്തിനുമായി 20,000ത്തിലേറെ രോഗികൾ അപേക്ഷനൽകി കാത്തിരിക്കുന്ന എൻഡോസൾഫാൻ പ്രശ്നത്തിൽ സുപ്രീംകോടതി നിർദേശത്തെ കുറിച്ച് ഒന്നുംമിണ്ടാതെ സംസ്ഥാന സർക്കാർ. പുനരധിവാസ പ്രവർത്തനങ്ങൾ, ബഡ്സ് സ്കൂളുകളുടെ പ്രവർത്തനം, പെൻഷൻ, ചികിത്സ, മരുന്ന്, ആംബുലൻസ് സൗകര്യം എന്നിവയെല്ലാം സർക്കാറിന്റെ സാമ്പത്തികബുദ്ധിമുട്ടിനെ തുടർന്ന് നിശ്ചലമായ സാഹചര്യത്തിലാണ് എൻഡോസൾഫാൻ പ്രശ്നത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നത്. എന്നാൽ, കോടികളുടെ ബാധ്യത വരുന്ന പ്രശ്നം പരിഹരിക്കാൻ എൻഡോസൾഫാൻ ഉൽപാദകർക്കെതിരെ കോടതിയെയോ കേന്ദ്ര സർക്കാറിനെയോ സമീപിക്കാമെന്ന സുപ്രീംകോടതി നിർദേശം സർക്കാർ പരിഗണിക്കാത്തത് ദുരൂഹമായി തുടരുന്നു.
ഡി.വൈ.എഫ്.ഐ നൽകിയ ഹരജിയിൽ 2017 ജനുവരി 10ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രത്തിന് 450 കോടിയുടെ ധനസഹായം അഭ്യർഥിച്ച് കത്തയച്ചതല്ലാതെ കോടതിയെ സമീപിക്കാൻ തയാറാകാത്തതിലാണ് ദുരൂഹത. കീടനാശിനി കമ്പനിക്കെതിരെ വിധിയുണ്ടാകുന്നത് തടയുകയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്നാണ് ആക്ഷേപം.
2010ൽ വി.എസ്. സർക്കാറാണ് 480 കോടിയുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. 2017ൽ പിണറായി സർക്കാർ 487 കോടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു. നിലവിൽ 20,808 രോഗികൾ ധനസഹായത്തിനും ചികിത്സക്കും കാത്തിരിക്കുന്ന അവസ്ഥയിൽ സംസ്ഥാന സർക്കാറിന്റെ കൈപ്പിടിയിലൊതുങ്ങാത്ത വിഷയമായി ഇതു മാറുകയാണ്. മാത്രമല്ല, ബജറ്റിൽ കേവലം 75 കോടി മാത്രം വകയിരുത്തപ്പെട്ട കാസർകോട് പാക്കേജിലേക്ക് എൻഡോസൾഫാൻ വിഷയത്തെ ചുരുക്കിക്കെട്ടുകയാണ് കഴിഞ്ഞ യോഗത്തിലുണ്ടായത്. ഇടതു സർക്കാർ അടഞ്ഞ അധ്യായമാക്കിയ എൻഡോസൾഫാൻ പ്രശ്നം, 2017ൽ തയാറാക്കിയ പട്ടികയിൽനിന്ന് 1031പേരെ ഒഴിവാക്കിയതിനെതിരെ സാമൂഹിക പ്രവർത്തക ദയാബായി നടത്തിയ സമരത്തിൽനിന്നാണ് വീണ്ടും ചർച്ചയാകുന്നത്. അന്ന് സർക്കാർ നടത്തിയ ഉറപ്പിലാണ് കഴിഞ്ഞ ദിവസത്തെ യോഗമുണ്ടായത്. 1031പേരെ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്നുപറഞ്ഞ സർക്കാർ അവരെ 20,808 പേരുടെ കൂടെ ചേർത്ത് വീണ്ടും മെഡിക്കൽ ക്യാമ്പിലേക്ക് അയക്കുകയാണ്. ചുരുക്കത്തിൽ സർക്കാർ നിലപാട് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവാത്ത സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.