?.??.?? ??????????? ???????.??.?? ???????????????? ?????????????? ????????????? ?.??. ????????

മൂകതയില്‍ തുടക്കം, ആകാംക്ഷയുടെ പിരിമുറുക്കം, നിരാശയോടെ മടക്കം

തിരുവനന്തപുരം: മുഖ്യമന്ത്രിയും നേതാക്കളുമെല്ലാമത്തെുന്ന ദിവസത്തിന്‍െറ പതിവ് ആരവങ്ങളില്ലാതെ മൂകതയിലും മന്ദതയിലുമായിരുന്നു വെള്ളിയാഴ്ച എ.കെ.ജി സെന്‍റര്‍. സര്‍ക്കാറിനെയും പാര്‍ട്ടിയെയും പിടിച്ചുകുലുക്കിയ നിയമനവിവാദം എങ്ങനെ പിടിച്ചുകെട്ടുമെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു നിര്‍ണായക സെക്രട്ടേറിയറ്റിന് പാര്‍ട്ടി ആസ്ഥാനത്ത് വേദിയൊരുങ്ങിയത്.

മന്ത്രി ഇ.പി. ജയരാജന്‍െറ ഒൗദ്യോഗികവസതിയായ സാനഡുവും രാവിലെ മുതല്‍ തന്നെ ശാന്തം. മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നെങ്കിലും പുറത്തുവരാനോ കാണാനോ അദ്ദേഹം തയാറായില്ല. ഇതിനിടെ കോലിയക്കോട് കൃഷ്ണന്‍ നായര്‍ ഇ.പിയെ സന്ദര്‍ശിക്കാന്‍ സാനഡുവിലത്തെി. ഏറെനേരം ഇരുവരും സംസാരിച്ചിരുന്നു. ഇതിനിടെ രാവിലെ പൊലീസ് പാസിങ് ഒൗട്ട് പരേഡിലെ മുഖ്യമന്ത്രി പിണറായി വിജയന്‍െറ ‘വേലിതന്നെ വിളവ് തിന്നുന്നത് വെച്ചുപൊറുപ്പിക്കാനാവില്ളെന്ന’ പ്രഖ്യാപനം നടക്കാനിരിക്കുന്ന നിര്‍ണായക യോഗത്തിന്‍െറ ദിശാസൂചകമായി വിലയിരുത്തിത്തുടങ്ങിയിരുന്നു. 9.35ഓടെ മന്ത്രി ഒൗദ്യോഗിക വാഹനത്തില്‍ സെക്രട്ടേറിയറ്റിന് പോകാന്‍ സാനഡുവില്‍നിന്ന് പുറത്തേക്ക്. ആശങ്കയോ നിരാശയോ ഇല്ലാത്തതായിരുന്നു മുഖഭാവം. പ്രതികരണത്തിന് മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ട് വന്നെങ്കിലും ഗ്ളാസ് താഴ്ത്താതെ കാറിനുള്ളിലിരുന്ന് ചിരിച്ച് കൈയുയര്‍ത്തിക്കാട്ടിയ ശേഷം എ.കെ.ജി സെന്‍ററിലേക്ക്.

പാര്‍ട്ടി ആസ്ഥാനത്തും മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നിരുന്നു. കാറില്‍ നിന്നിറങ്ങി പ്രവേശകവാടത്തിലേക്ക് നടക്കുന്നതിനിടെ മുന്നില്‍ മൈക്കുകള്‍ നിരന്നെങ്കിലും പുഞ്ചിരിച്ച്, ഒന്നും പറയാനില്ളെന്ന ആംഗ്യത്തോടെ ഓഫിസിനുള്ളിലേക്ക്. പ്രവര്‍ത്തകരോ മറ്റ് നേതാക്കളോ ആരും ഓഫിസിലത്തെിയിരുന്നില്ല. അതേസമയം, പേഴ്സനല്‍ സ്റ്റാഫുകളും ഓഫിസ് ജീവനക്കാരുമടക്കം ചെറിയൊരു കൂട്ടം എ.കെ.ജി സെന്‍ററിലെ ഹാളില്‍ കൂടിയിരുന്നു. ഹാളിലെ ടി.വിയില്‍ പാര്‍ട്ടി ചാനല്‍ മാത്രം. സെക്രട്ടേറിയറ്റ് തുടങ്ങിയെന്നും ‘ഇ.പിക്കെതിരായ ആരോപണം പരിശോധിക്കുമെന്നും’ മാത്രമായിരുന്നു വാര്‍ത്ത. രാജിക്ക് സാധ്യതയില്ളെന്നും വകുപ്പുമാറ്റമേ ഉണ്ടാകൂവെന്നുമുള്ള ആശ്വാസചര്‍ച്ചകളും പുറത്ത് സജീവമായി. ഇതിനിടെ, ആരോ ചാനല്‍ മാറ്റി. ഇ.പിക്കെതിരെ രൂക്ഷവിമര്‍ശം എന്ന വിവരം പ്രത്യക്ഷപ്പെട്ടതോടെ വീണ്ടും നിരാശ.

ഉച്ചക്ക് 1.20ഓടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. രാജിവാര്‍ത്ത പരന്നു. മിനിറ്റുകള്‍ക്കുള്ളില്‍ പാര്‍ട്ടി ചാനലിലടക്കം വാര്‍ത്ത സ്ഥിരീകരിച്ചു. പാര്‍ട്ടി സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനമുണ്ടെന്ന അറിയിപ്പ് പിന്നാലെയും. ഇതിനിടെ കയറിയപ്പോഴുള്ള ചിരിയില്ലാതെ പി.കെ. ശ്രീമതിയുമായി എന്തോ സംസാരിച്ച് വാടിയ മുഖവുമായി ഇ.പി. ജയരാജന്‍ പുറത്തേക്ക്. മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍തന്നെ ഒന്നും പറയാനില്ളെന്ന മറുപടി. ശ്രീമതിയുടെ മുഖത്തും തെളിച്ചമില്ല. ഉള്ളിലെ ചര്‍ച്ചാഭാരം പുറത്തുകാട്ടാതെ പുഞ്ചിരിച്ച് നേതാക്കള്‍ ഓരോരുത്തരായി പുറത്തേക്ക്.

അധികാരത്തിലേറി 143ാം ദിവസം മന്ത്രിസഭയിലെ രണ്ടാമനേറ്റ തിരിച്ചടിയുടെ നിരാശ കനക്കുമ്പോഴും അന്തസ്സുള്ള തീരുമാനമെന്ന ആശ്വാസത്തിലുമായിരുന്നു എ.കെ.ജി സെന്‍റര്‍. ഉച്ചക്കുശേഷം സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ ജയരാജന്‍ എ.കെ.ജി സെന്‍ററിലത്തെിയത് സ്വകാര്യവാഹനത്തില്‍.

Tags:    
News Summary - ep jayaraja's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.