കൊച്ചി: സുപ്രീംകോടതി ഉത്തരവിന്റെ മറവിൽ അർഹതപ്പെട്ടവർക്ക് ഉയർന്ന പ്രോവിഡന്റ് ഫണ്ട് പെൻഷൻ തടയരുതെന്ന് ഹൈകോടതി. നിലവിൽ നൽകിവരുന്ന ഉയർന്ന പെൻഷൻ നിർത്തലാക്കുകയോ കുറക്കുകയോ നിയന്ത്രിക്കുകയോ ചെയ്യരുതെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവിന്റെ മറവിൽ ഉയർന്ന പെൻഷൻ തിരിച്ചുപിടിക്കുമെന്ന് റീജനൽ പി.എഫ് കമീഷണർ ഓഫിസിൽനിന്ന് പുറപ്പെടുവിച്ച നോട്ടീസ് ചോദ്യം ചെയ്ത് ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിലെ വിരമിച്ച ജീവനക്കാരടക്കം നൽകിയ ഹരജിയിലാണ് ഉത്തരവ്. കോടതിയെ സമീപിച്ചവർക്കാണ് ഇടക്കാല ഉത്തരവ് ബാധകമാകുക. ഹരജി വീണ്ടും രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
ഹൈകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉയർന്ന പെൻഷൻ നൽകുന്നതെങ്കിൽ കോടതിയെ ബോധിപ്പിച്ച് തുടർനടപടി സ്വീകരിക്കാനാണ് സെൻട്രൽ പി.എഫ് കമീഷണറുടെ നിർദേശമെന്നിരിക്കെ ഇതിനു വിരുദ്ധമായാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹരജിയിലെ വാദം. ഹരജിക്കാരെ പി.എഫിന്റെ ഉയർന്ന പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത് ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. ഇതിലേക്ക് ആവശ്യമായ കുടിശ്ശികയും വിഹിതവും അടച്ചിരുന്നു. ഉയർന്ന പെൻഷൻ അനുവദിച്ച് പി.എഫ് അതോറിറ്റി ഉത്തരവും പുറപ്പെടുവിച്ചു.
ഇതിനിടെ 2014 സെപ്റ്റംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ പെൻഷൻ പദ്ധതിയിൽ ഭേദഗതി വരുത്തി. എന്നാൽ, സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ജനുവരി മുതൽ ഉയർന്ന പെൻഷൻ വിലക്കിയിരിക്കുന്നതായി ഹരജിക്കാർ ചൂണ്ടിക്കാട്ടി.
സാങ്കേതിക പിഴവുകാരണമാണ് പെൻഷൻ വിതരണം മുടങ്ങിയതെന്നും പിന്നീട് നൽകിയതായും ഇ.പി.എഫ്.ഒ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ മറ്റ് നടപടികൾ ഉണ്ടാകരുതെന്ന് കോടതിയും നിർദേശിച്ചു. എന്നാൽ, ഉയർന്ന പെൻഷൻ നിഷേധിക്കുന്നത് ഇ.പി.എഫ്.ഒ തുടരുകയാണെന്ന് ബുധനാഴ്ച ഹരജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവുണ്ടായത്.
കൊച്ചി: ഹൈകോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനാവില്ലെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചു.
56ൽനിന്ന് 58 ആയി പെൻഷൻ പ്രായം ഉയർത്താനാവില്ലെന്ന് വ്യക്തമാക്കി ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിക്കുവേണ്ടി ജോയന്റ് സെക്രട്ടറി ഹൈകോടതി രജിസ്ട്രാർ ജനറലിന് കത്തു നൽകി. പെൻഷൻ പ്രായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം 2022 ഒക്ടോബർ 25ന് രജിസ്ട്രാർ ജനറൽ സർക്കാറിന് ശിപാർശക്കത്ത് നൽകിയിരുന്നു. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കാത്ത സാഹചര്യത്തിൽ ഹൈകോടതി ജീവനക്കാരുടേത് മാത്രമായി ഉയർത്താൻ നിർവാഹമില്ലെന്നാണ് സർക്കാർ നിലപാട്.
ഹൈകോടതി പ്രവർത്തനം ഡിജിറ്റലാക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനാൽ പ്രവൃത്തി പരിചയമുള്ളവരുടെ സേവനം തുടർന്നും ആവശ്യമാണെന്ന് വിലയിരുത്തിയാണ് പെൻഷൻ പ്രായം ഉയർത്താൻ ഹൈകോടതി ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.