കട്ടപ്പന: ഇരട്ടയാർ ഡാമിൽ ടണൽ മുഖത്തു കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളാണ് മരിച്ചത്. ഉപ്പുതറ, മൈലാടുംപാറ രതീഷിന്റെ മകൻ അസൗരേഷിന്‍റെ (അക്കു -12) മൃതദേഹമാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കണ്ടെടുത്തത്. തുരങ്കത്തിലേക്ക് വെള്ളം ഒഴുകി പോകുന്ന ഇരുമ്പ് ഗ്രില്ലിൽ തടഞ്ഞു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പന്റെ മകൻ അതുൽ ഹർഷാണ് (അമ്പാടി -13) അപകടത്തിൽ മരിച്ച മറ്റൊരു കുട്ടി. അതുലിന്റെ മൃതദേഹം അപകടമുണ്ടായ വ്യാഴാഴ്ച തന്നെ കണ്ടെത്തിയിരുന്നു.
കട്ടപ്പനയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീമും നടത്തിയ തിരച്ചിലിലാണ് അസൗരേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച അതുലിന്റെ മൃതദേഹം കണ്ടെത്തിയ അതേ സ്‌ഥലത്തു തന്നെയാണ് അസൗരേഷിന്റെ മൃതദേഹവും ഉണ്ടായിരുന്നത്. ജലാശയത്തിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽ പെട്ടത്. അസൗരേഷിന് വേണ്ടിയുള്ള തിരച്ചിൽ വ്യാഴാഴ്ച രാത്രിയോടെ നിർത്തിവെച്ചിരുന്നു. വെള്ളിയാഴ്ച വീണ്ടും ആരംഭിക്കുകയായിരുന്നു.
ഓണാവധി ആഘോഷിക്കാനാണ് ഇരട്ടയാർ ചേലക്കവലയിലെ തറവാട് വീട്ടിലേക്ക് കുട്ടികൾ എത്തിയത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. വ്യാഴാഴ്ച രാവിലെ 9.30 ഓടെ ബന്ധുക്കളായ നാല് കുട്ടികൾ ചേർന്ന് പന്തു കളിക്കുന്നതിനിടെയാണ് അപകടം. പന്തെടുക്കാൻ രണ്ടുപേർ വെള്ളത്തിലിറങ്ങിയതോടെ കാൽ വഴുതി ഒഴുക്കിൽപെടുകയായിരുന്നു.
വ്യാഴാഴ്ച അഞ്ചുരുളി ടണൽ മുഖത്ത് കയർ കെട്ടിയും, ഡ്രോൺ ഉപയോഗിച്ചും നടത്തിയ തെരച്ചിൽ വിഫലമായിരുന്നു. കട്ടപ്പന പൊലീസ് മേൽനടപടി സ്വീകരിച്ച ശേഷം ശനിയാഴ്ച ഇരുപതേക്കർ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. അസൗരേഷിന്‍റെ മാതാവ് സൗമ്യ. അതുലിന്‍റെ മാതാവ് രജിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.