തിരുവനന്തപുരം: എറണാകുളത്ത് പ്രവർത്തിക്കുന്ന പീസ് ഇൻറർനാഷനൽ സ്കൂൾ പൂട്ടുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങാൻ വൈകിയേക്കുമെന്ന് സൂചന. എന്നാൽ, അധ്യയനവർഷം അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ ഇപ്പോൾ സ്കൂൾ പൂട്ടാൻ നടപടിയെടുക്കുന്നത് പ്രതിഷേധത്തിനിടയാക്കുമെന്ന വിലയിരുത്തലിനെതുടർന്നാണിത്. ഇൗ സ്കൂളിൽ മതനിരപേക്ഷമല്ലാത്ത പാഠഭാഗങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് സ്കൂൾ പൂട്ടാൻ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.
ജില്ല കലക്ടറുടെയും വിദ്യാഭ്യാസവകുപ്പിെൻറയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് മുഖ്യമന്ത്രി ഇൗ നിർദേശം നൽകിയത്. കോഴിക്കോട് കേന്ദ്രമായ പീസ് ഫൗണ്ടേഷന് കീഴില്‍ പീസ് ഇൻറര്‍നാഷനല്‍ എന്ന പേരില്‍ പത്തിലധികം സ്കൂളുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ നടപടി പീസ് ഫൗണ്ടേഷെൻറ മറ്റ് സ്കൂളുകള്‍ക്കും ബാധകമാകുമോ എന്നകാര്യത്തില്‍ ഇനിയും വ്യക്തതവന്നിട്ടില്ല.
എറണാകുളം ചക്കരപ്പറമ്പിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്കൂള്‍ പൂട്ടി വിദ്യാര്‍ഥികളെ സമീപത്തെ മറ്റ് സ്കൂളുകളില്‍ ചേര്‍ക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. ഇൗ സ്കൂളിലെ പാഠ്യപദ്ധതി മതനിരപേക്ഷമല്ലെന്ന പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് സ്കൂള്‍ പ്രിന്‍സിപ്പൽ, അഡ്മിനിസ്ട്രേറ്റര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. സ്കൂള്‍ മാനേജിങ് ഡയറക്ടര്‍ എം.എം. അക്ബർ വിദേശത്താണ്. ഇദ്ദേഹത്തെ നാട്ടിലെത്തിച്ച് നടപടി സ്വീകരിക്കുന്നതിനും പൊലീസ് തലത്തിൽ നീക്കമുണ്ട്. എറണാകുളം ജില്ല വിദ്യാഭ്യാസ ഓഫിസറുടെ പരാതിയെതുടര്‍ന്ന് 2016 ഒക്ടോബറിലാണ് സ്കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതാണ് പാഠ്യപദ്ധതിയെന്നാണ് പൊലീസ് ആരോപണം.
വിദ്യാഭ്യാസവകുപ്പ് നടത്തിയ അന്വേഷണത്തില്‍ എന്‍.സി.ഇ.ആർ.ടിയോ സി.ബി.എസ്.ഇയോ എസ്.സി.ഇ.ആര്.ടിയോ നിർദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ, വിദ്യാഭ്യാസ സെക്രട്ടറി എന്നിവർ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം ശരിവെക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സ്കൂളിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. സ്കൂളിന് സി.ബി.എസ്.ഇ അംഗീകാരത്തിനുള്ള എന്‍.ഒ.സി നൽകേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.