തിരുവനന്തപുരം: അർഹരായവർക്ക് ബോണസ് പോയൻറ് ചേർക്കാതെ നടത്തിയ പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചശേഷം റദ്ദാക്കി.
തിങ്കളാഴ്ച അർധരാത്രിയോടെ പ്രസിദ്ധീകരിച്ച അലോട്ട്മെൻറാണ് ചൊവ്വാഴ്ച രാവിലെ പിൻവലിച്ചത്. ലിറ്റിൽ കൈറ്റ്സ് എ ഗ്രേഡ് നേട്ടമുള്ളവർക്കുള്ള ബോണസ് പോയൻറ് ചേർക്കാതെയാണ് ആദ്യം അേലാട്ട്മെൻറ് പ്രസിദ്ധീകരിച്ചത്. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പിൻവലിച്ചത്. പിഴവ് തിരുത്തി ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ അലോട്ട്മെൻറ് പുനഃപ്രസിദ്ധീകരിച്ചു. ഇതോടെ പല വിദ്യാർഥികൾക്കും ആദ്യം ലഭിച്ച അലോട്ട്മെൻറിൽ മാറ്റമുണ്ടായി. ഏകജാലക രീതിയിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് ഒഴിവുള്ള സ്കൂൾ/വിഷയ കോമ്പിനേഷനുകളിലേക്ക് മാറാനുള്ള അലോട്ട്മെൻറാണ് പ്രസിദ്ധീകരിച്ചത്. തിങ്കളാഴ്ച രാത്രി അലോട്ട്മെൻറ് പരിശോധിച്ച് ആദ്യം പ്രവേശനം നേടിയ സ്കൂളുകളിൽ നിന്ന് ടി.സി വാങ്ങാനെത്തിയപ്പോഴാണ് അലോട്ട്മെൻറ് പിൻവലിച്ച വിവരം പല വിദ്യാർഥികളും അറിയുന്നത്.
ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ പ്രവേശനം ആരംഭിക്കുന്ന രീതിയിലാണ് ആദ്യം ഷെഡ്യൂൾ പ്രസിദ്ധീകരിച്ചത്. ഇത് പിൻവലിക്കുകയും പുതുക്കിയ അലോട്ട്മെൻറ് ഉച്ചക്ക് ഒരുമണിക്ക് പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ പ്രവേശന ഷെഡ്യൂൾ ബുധനാഴ്ച രാവിലെ പത്തിന് തുടങ്ങുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പുതുക്കിയ അലോട്ട്മെൻറ് പ്രകാരമുള്ള അലോട്ട്മെൻറ് ലെറ്ററിൽ 'Generated Date', 'Generated Time' എന്നിവ പരിശോധിച്ചായിരിക്കണം പ്രവേശനം നടത്തേണ്ടതെന്ന നിർദേശത്തോടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പ്രസിദ്ധീകരിച്ചു.
സ്കൂൾ മാറ്റം ലഭിച്ച വിദ്യാർഥികളുടെ ടി.സിയിൽ 'Generated Time' നവംബർ ഒമ്പതിന് ഉച്ചക്ക് ഒരു മണിക്ക് ശേഷമുള്ള സമയം രേഖപ്പെടുത്തിയതിന് മാത്രമേ സാധുത ഉണ്ടായിരിക്കുകയുള്ളൂവെന്ന് സർക്കുലറിൽ പറയുന്നു. ഒമ്പതിന് ഒരു മണിക്ക് ശേഷമുള്ള സമയം രേഖപ്പെടുത്തിയ അലോട്ട്മെൻറ് ലെറ്റർ പ്രകാരം മാത്രമേ പ്രവേശനം നടത്താവൂവെന്നും നിർദേശമുണ്ട്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒഴിവുള്ള 37,530 സീറ്റുകളിലേക്ക് 63,023 പേരാണ് ട്രാൻസ്ഫർ അലോട്ട്മെൻറിനായി അപേക്ഷിച്ചത്. 43297 പേർക്ക് അലോട്ട്മെൻറ് ലഭിച്ചു. 8642 പേർക്ക് നേരത്തെ പ്രവേശനം നേടിയ സ്കൂളിൽ കോഴ്സ് മാറ്റം ലഭിച്ചു. 19822 പേർക്ക് കോഴ്സ് മാറ്റത്തോടെ സ്കൂൾ മാറ്റം ലഭിച്ചു. 14833 പേർക്ക് കോഴ്സ് മാറ്റമില്ലാതെ സ്കൂൾ ട്രാൻസ്ഫർ ലഭിച്ചു. ട്രാൻസ്ഫർ അലോട്ട്മെൻറിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാം സപ്ലിമെൻറ് അലോട്ട്മെൻറ് നടപടികൾ 17ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.