ഇ.എസ്.എ വിജ്ഞാപനം: കരട് നിർദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിച്ചു

തിരുവനന്തപുരം: ജനവാസ മേഖലകൾ ഒഴിവാക്കി, വനമേഖലയിൽ മാത്രം നിജപ്പെടുത്തി കേരളത്തിന്റെ പരിസ്ഥിതി ദുർബല പ്രദേശം (ഇ.എസ്.എ) വിജ്ഞാപനം ചെയ്യുന്നതിനുവേണ്ട സംസ്ഥാനത്തിന്റെ കരട് നിർദേശങ്ങൾ കേന്ദ്രത്തിന്റെ വിദഗ്ദ്ധ സമിതിയുടെ പരിഗണനക്കായി സമർപ്പിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇത് സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്.

പശ്ചിമഘട്ട പ്രദേശത്തിന്റെ സ്വാഭാവിക ഭൂപ്രകൃതി, ജൈവവൈവിധ്യം നിറഞ്ഞ ഇടതടവില്ലാതെയുള്ള തുടർച്ചാപ്രദേശങ്ങൾ എന്നിവ മാനദണ്ഡമാക്കി പശ്ചിമഘട്ടത്തിന്റെ ഏകദേശം 37 ശതമാനം പ്രദേശം, ( 59940 ച. കി.മി) പരിസ്ഥിതി ദുർബല പ്രദേശമായി കസ്തൂരിരംഗൻ സമിതി കണക്കാക്കിയിരുന്നു. അതിൽ കേരളത്തിലെ 123 വില്ലേജുകളുടെ ആകെ വിസ്തൃതി ആയ 13108 ച. കി.മി പ്രദേശമാണ് ഇ.എസ്.എ ആയി ചേർത്തത്.

തുടർന്ന് ഡോ. ഉമ്മൻ.വി.ഉമ്മന്റെ നേതൃത്വത്തിൽ നിയമിച്ച മൂന്നംഗ വിദഗ്ദ്ധ സമിതി 123 വില്ലേജുകളിലെ 9993.7 ച. കി.മി പ്രദേശം ഉൾപ്പെടുന്നതായും, അതിൽ 9107 സ്ക്വയർ കി.മീ. വന പ്രദേശവും ശേഷിക്കുന്ന 886.7 ച. കി.മി. വനേതര പ്രദേശവും ആണെന്നും കണക്കാക്കി റിപ്പോർട്ട് സമർപ്പിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഈ ശുപാർശ അംഗീകരിച്ചു. 2014 ലെ ആദ്യ കരട് ഇ.എസ്.എ വിജ്ഞാപനത്തിൽ കേരളത്തിന്റെ ഇ.എസ്.ഏ ആയി 993.7 ച. കി.മി. പ്രദേശം ഉൾപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇ.എസ്.എയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച 2015, 2017, 2018, 2022 എന്നീ വർഷങ്ങളിലെ കരട് വിജ്ഞാപനങ്ങളിൽ വിസ്തൃതിയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

കരട് 2024 ജൂലൈ 31ന് പുനർ വിജ്ഞാപനം ചെയ്തിരുന്നു. അതിലും വിസ്തൃതി 9993.7 ച. കി.മി. ആണ്. എന്നാൽ, ഇ. എസ്.എ വില്ലേജുകളുടെ എണ്ണം 123 ൽ നിന്നും 131 ആയി കൂടി. വില്ലേജുകളിൽ ചിലത് വിഭജിച്ച് പുതിയ വില്ലേജുകൾ രൂപവൽകരിച്ചതിനാൽ ആണ് എണ്ണം വർധിച്ചത്.

ജനവാസ പ്രദേശങ്ങളും, തോട്ടങ്ങളും ജലാശയങ്ങളും ഒറ്റപ്പെട്ട വനപ്രദേശങ്ങളും ഒഴിവാക്കി സംരക്ഷിത വനപ്രദേശങ്ങളും റിസർവ്വ് വനത്തിലും മാത്രമായി ഇ.എസ്.ഏ ശുപാർശ ചെയ്യാനാണ് സംസ്ഥാന സർക്കാർ 2018 ൽ തീരുമാനിച്ചത്. 92 വില്ലേജുകളിലായി 8656.46 ച. കി.മി. ഇ.എസ്.എ പ്രദേശമായി കണക്കാക്കി റിപ്പോർട്ട് സമർപ്പിച്ചു. അത് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച്, ജി.ഐ.എസ് മാപ്പ് ഉൾപ്പെടെയുള്ള രേഖകൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനക്കായി സമർപ്പിച്ചു. അത് കേന്ദ്രസർക്കാർ അംഗീകരിച്ചു ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

ഇ.എസ്.ഏ വില്ലേജുകളിലെ അതിർത്തികളിലെ വൈരുദ്ധ്യം, ഈ പ്രദേശത്ത് നടപ്പിലാക്കാൻ പോകുന്ന നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികളും, നിർദ്ദേശങ്ങളും ആശങ്കകളും പരിഗണിച്ച്, വില്ലേജ്-വനാതിർത്തികൾ പരിശോധിച്ച് ജനവാസ മേഖലകൾ ഒഴിവാക്കി ഇ.എസ്.എ ആയി നിജപ്പെടുത്തേണ്ട പ്രദേശങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല പരിശോധന സമിതി രൂപീകരിച്ചിരുന്നു.

അതനുസരിച്ച് 98 വില്ലേജുകളിലായി 8711.98 ച.കി.മീറ്ററായി ഇ.എസ്.എ കണക്കാക്കി. ഈ തുടർ ഭേദഗതികൾ ഉള്ളപക്ഷം വേണ്ട മാറ്റങ്ങൾ ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതായിരിക്കുമെന്ന വിവരം സഹിതം കേന്ദ്ര സർക്കാരിന് കൈമാറി.

അവസാന നടപടി ക്രമത്തിന്റെ ഭാഗമായി ഈ രേഖകൾ എല്ലാ പഞ്ചായത്തുകളിലും കൈമാറുന്നതിനായി 2024 മാർച്ച് മാസത്തിൽ പഞ്ചായത്ത് വകുപ്പിന് നൽകി. കരട് പ്രൊപ്പോസൽ പരിസ്ഥിതി കാലാവസ്ഥ ഡിറക്ടറേറ്റിന്റെ website ൽ പ്രസിദ്ധീകരിച്ചു. എല്ലാ പഞ്ചായത്തുകളും വേണ്ട ഭേദഗതികൾ നിർദ്ദേശിച്ചിരുന്നു. അത് പരിശോധിച്ച് തിരുത്തലുകൾ വരുത്തിയ രേഖകളാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇനി സംസ്ഥാന സർക്കാർ കൈമാറുക.

2013 ലെ നിർദേശങ്ങളും, നിലവിലത്തെ കരട് വിജ്ഞാപനവും അനുസരിച്ച് ഇ.എസ്.എ യിൽ മണൽ ഖനനം ഉൾപ്പെടെയുള്ള ഖനന പ്രവർത്തനങ്ങൾ താപ നിലയങ്ങൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിഷ്കർഷിച്ചിട്ടുള്ള 'റെഡ് കാറ്റഗറി' വിഭാഗത്തിൽ ഉൾപ്പെട്ട പുതുതായി ആരംഭിക്കുന്ന വ്യവസായങ്ങൾ എന്നിവയും പറ്റില്ല. നിലവിലുള്ള വ്യവസായങ്ങൾക്കു നിയന്ത്രണം ബാധകമല്ല. 20000 ച. കി.മീ. ന് മുകളിലുള്ള കെട്ടിട നിർമാണം, ടൗൺഷിപ്പ്, ഏരിയ ഡെവലപ്മെന്റ് പദ്ധതികൾ എന്നിവക്ക് നിരോധനമുണ്ട്. നിലവിലുള്ള വീടുകൾ പുതുക്കി പണിയുന്നതുൾപ്പെടെയുള്ള മറ്റു നിർമാണത്തിന് തടസമില്ല.

ഇ.എസ്.എ, ഇ.എസ്.ഇസെഡ് എന്നിവ സംബന്ധിച്ച് തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. പശ്ചിമഘട്ട പ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണാർഥം കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ ശുപാർശപ്രകാരമാണ് സംസ്ഥാനത്തിന്റെ പരിസ്ഥിതി ദുർബല പ്രദേശം (ഇ.എസ്.എ). 2024 ലെ കരട് വിജ്ഞാപനത്തിന്റെ പട്ടികയിൽ ചേർത്തിരിക്കുന്ന 131 വില്ലേജുകളിലായി 9993.7 ച.കി.മീ ആണ് നിലവിൽ കേരളത്തിന്റെ ഇ.എസ്.എ..

സുപ്രീം കോടതിയുടെ നിർദേശപ്രകാരം സംരക്ഷിതവന പ്രദേശങ്ങളായ നാഷണൽ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവക്ക് ചുറ്റുമായി നിർദ്ദിഷ്ട ദൂരപരിധിയിൽ വനം വകുപ്പ് രേഖപെടുത്തിയിരിക്കുന്ന പ്രദേശങ്ങൾ ആണ് പരിസ്ഥിതി ദുർബല മേഖലകൾ (ഇ.എസ്.ഇസെഡ്). ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് വനം വകുപ്പാണ്. ഇ.എസ്.എ, ഇ.എസ്.ഇസെഡ് എന്നിവയിലെ നിയന്ത്രണങ്ങൾ വിഭിന്നമാണ്‌. ഇവ രണ്ടും ഒന്നാണ് എന്ന തെറ്റിദ്ധാരണയിൽ ചിലർ വിഷയം കൈകാര്യം ചെയ്യുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 

Tags:    
News Summary - ESA Notification: The draft proposals have been submitted to the Center for central consideration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.