മലപ്പുറം: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം രാജ്യത്തിന് തീരാ നഷ്ടമാണെന്ന് മുസ്‌ലിം ലീഗ് പാർലിമെന്‍ററി പാർട്ടി ലീഡറും ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി അനുസ്മരിച്ചു.
ഇന്ത്യൻ സാഹചര്യത്തിൽ ലോകത്തിന് മാതൃകയായതും രാജ്യത്തിന്‍റെ യശസ്സ് ഉയർത്തിയതുമായ ഭരണ സംവിധാനത്തിനാണ് അദ്ദേഹം നേതൃത്വം നൽകിയത്. സാമ്പത്തിക രംഗത്തെ അദ്ദേഹത്തിന്‍റെ വീക്ഷണങ്ങളും നയപരിപാടികളും മാതൃകാപരമായിരുന്നു. 1991 കാലഘട്ടത്തിൽ അദ്ദേഹം കൊണ്ടുവന്ന ഉദാരവൽക്കരണ നയം രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിന്‍റെ കാഴ്ചപ്പാടുകളുമായി ചേർന്ന് നിൽക്കുന്നതായിരുന്നു. പൊതുമേഖല സംരംഭങ്ങൾ തടസങ്ങളില്ലാതെ പ്രവർത്തിക്കുന്നതിനൊപ്പം ഉദാരവൽക്കരണം അത്യാവശ്യമാണെന്നും അദ്ദേഹം വിവക്ഷിക്കുകയും അത് ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു. പണ്ഡിറ്റ് ജിയുടെ കാഴ്ചപ്പാടുകൾക്ക് അനുഗുണമായാണ് ഈ പരിശ്രമങ്ങളെല്ലാം എന്നത് ശ്രദ്ധേയമായിരുന്നു. ഇതോടെ പൊതു മേഖലയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലും വലിയ പുരോഗതിയും കുതിച്ച് ചാട്ടവുമാണ് ഉണ്ടായത്.
അതേസമയം, ഈ നയങ്ങൾ കയ്യൊഴിഞ്ഞ് പൂർണമായും സ്വകാര്യ മേഖലക്ക് പൊതു സ്ഥാപനങ്ങൾ കൈമാറി കൊടുക്കുന്ന ബി.ജെ.പി ഭരണത്തിന്‍റെ ദുരിതങ്ങൾ കാണുമ്പോഴാണ് മൻമോഹൻ സിങ്ങിന്‍റെ നയങ്ങളുടെ വ്യക്തത കൂടുതൽ പ്രസക്തമാവുന്നത്. ജനാധിപത്യ ഇന്ത്യ എക്കാലത്തും ചേർത്ത് പിടിച്ച ദാരിദ്ര്യ നിർമാർജ്ജന പദ്ധതി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെയെല്ലാം ശിൽപി ഡോ. മൻമോഹൻ സിങ് ആണെന്നത് രാജ്യത്തെ ഓരോ പൗരന്‍റെയും സ്വകാര്യ അഹങ്കാരം പോലെ വിശ്രുതമാണെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.