പഴയങ്ങാടി: നെല്ലിയാമ്പതി പശ്ചിമഘട്ട മലനിരകളിൽനിന്ന് സസ്യശാസ്ത്ര ലോകത്തേക്ക് പുതിയ അതിഥികൂടി. മിർട്ടേസിയ എന്നറിയപ്പെടുന്ന മിർട്ടിൽ കുടുംബത്തിലെതന്നെ ജനുസ്സായ യൂജിനിയയിൽ ഉൾപ്പെടുന്നതാണ് പുതിയ ഇനം.
കണ്ടൽവന സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച കണ്ണൂർ പഴയങ്ങാടി മുട്ടുകണ്ടി കല്ലേൻ പൊക്കുടെൻറ പേരാണ് സസ്യലോകത്തെ നവാഗതർക്ക് നൽകിയത് -യൂജിനിയ പൊക്കുടാനി.
നെല്ലിയാമ്പതിയിലെ ഉയർന്ന പ്രദേശങ്ങളിൽ, ഗവേഷണം നടത്തുന്ന ഒറ്റപ്പാലം ചോറേറ്റൂർ കുറുങ്കളത്തിൽ വീട്ടിൽ മായ രാഗേഷാണ് പുതിയ സസ്യം കണ്ടെത്തിയത്. പാലക്കാട് ഗവ. വിക്ടോറിയ കോളജ് സസ്യശാസ്ത്ര വിഭാഗം അസി. പ്രഫസർ ഡോ. സുരേഷ്, ലഖ്നോവിലെ നാഷനൽ ബൊട്ടാണിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സയൻറിസ്റ്റ് ഡോ. കെ.എം. പ്രഭുകുമാർ, ചിറ്റൂർ ഗവ. കോളജിലെ സസ്യശാസ്ത്ര വിഭാഗം അസി. പ്രഫസർ ഡോ. സോജൻ ജോസ് എന്നിവർ ഗവേഷണത്തിൽ പങ്കാളികളാണ്. ന്യൂസിലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര സസ്യ വർഗീകരണ ജേണലായ 'ഫൈറ്റോ ടാക്സസ'യുടെ പുതിയ ലക്കത്തിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കല്ലേൻ പൊക്കുടെൻറ പേര് ലഭിക്കുന്ന രണ്ടാമത്തെ സസ്യ ഇനമാണ് യൂജിനിയ പൊക്കുടാനി. 2016ൽ മാടായിപ്പാറയിൽ കണ്ടെത്തിയ ഒരുതരം കീച്ചിപ്പുല്ലിന് ഫിംബ്രിസ്റ്റൈലിസ് പൊക്കുടാനിയാന എന്നാണ് നാമകരണം ചെയ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.