കോഴിക്കോട്: സംവരണവിഷയത്തിൽ സുപ്രീംകോടതി വിധി ഭരണഘടനാമൂല്യങ്ങൾക്കും താല്പര്യങ്ങൾക്കും എതിരാണെന്ന് എം.എസ്.എസ് പ്രസിഡന്റ് ഡോ. പി. ഉണ്ണീനും ജനറൽ സെക്രട്ടറി പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയയും പ്രസ്താവനയിൽ പറഞ്ഞു.
സാമൂഹികമായി പിന്തള്ളപ്പെട്ട അധഃസ്ഥിത വർഗങ്ങളെ ഭരണ-ഉദ്യോഗതലങ്ങളിൽ എത്തിക്കുകയെന്ന ഭരണഘടനാശില്പികളുടെ ദീർഘവീക്ഷണത്തോടെയുള്ള താല്പര്യത്തെയാണ് ഇത് ഹനിച്ചിരിക്കുന്നത്. പിന്നാക്ക സംവരണ വിഭാഗങ്ങൾ ഒറ്റക്കെട്ടായി വിധിക്കെതിരെ പ്രതിഷേധിക്കണമെന്നും പുനഃപരിശോധന ഹരജി കൂട്ടായി നൽകണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സാമൂഹികനീതിയുടെ തുടർലംഘനങ്ങൾക്ക് വഴിയൊരുക്കുമെന്ന് ദലിത് സമുദായ മുന്നണി അഭിപ്രായപ്പെട്ടു. സാമ്പത്തിക സംവരണത്തെ സാധൂകരിക്കുന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്. സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തിക പിന്നാക്കാവസ്ഥയാണെന്നും സമുദായ സംവരണം നിർത്തിവെക്കണമെന്നുമുള്ള നിഗമനത്തോടെയുള്ള വിധി പ്രസ്താവം ഭരണഘടന തത്ത്വങ്ങളോട് നീതിപുലർത്തുന്നതല്ല.
മുന്നാക്ക സംവരണം നടപ്പാക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കാൻ ദലിത്-പിന്നാക്ക - ന്യൂനപക്ഷ വിഭാഗങ്ങളടങ്ങുന്ന സംവരണീയ സമുദായങ്ങളുടെ ഐക്യം കെട്ടിപ്പടുക്കുമെന്ന് ദലിത് സമുദായ മുന്നണി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.