തിരുവനന്തപുരം: ആർ.എം.പി നേതാവും വടകര എം.എൽ.എയുമായ കെ.കെ. രമക്കെതിരെ കടുത്ത അധിക്ഷേപവുമായി സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ് മുൻ അഡീഷണല്‍ സെക്രട്ടറിയും സി.പി.എം അനുകൂല സംഘടന പ്രവര്‍ത്തകനുമായ നന്ദകുമാർ കൊളത്താപ്പിള്ളി. രമക്കെതിരെ എം.എം. മണി നടത്തിയ വിവാദ പരാമർശങ്ങളെ അനുകൂലിച്ച് കൊണ്ടാണ് അതിനേക്കാൾ രൂക്ഷമായ ഭാഷയിൽ ഇയാൾ ഫേസ്ബുക് കുറിപ്പുമായി രംഗത്തെത്തിയത്. രമ കേരളത്തിലെ ആസ്ഥാന വിധവയല്ലെന്നും വെട്ടുകളുടെ എണ്ണം നോക്കിയാണോ വിധവകളുടെ റേറ്റിങ് നിശ്ചയിക്കുന്നതെന്നും ഇയാൾ കുറിപ്പിൽ പറയുന്നു.
രാഷ്ട്രീയ വിധവകളുടെ എണ്ണമെടുത്താൽ വൈധവ്യം പേറുന്ന ഏറ്റവുമധികം വനിതകൾ സി.പി.എമ്മിലാണ്. നഴ്സറി കുട്ടികളെ പോലെ അവരാരും എന്നെ നുള്ളിയേ പിച്ചിയേ എന്നു വിളിച്ച് ചിണുങ്ങി നടക്കാറില്ല. രമയുടെ ഈ ചിണുങ്ങൽ വല്ലാതെ അരോചകമാകുന്നുണ്ട്. വി.ഡി. സതീശനോട് ചോദിക്കട്ടെ? നിങ്ങൾ വെട്ടി നുറുക്കിയ നിങ്ങളുടെ തന്നെ മണ്ഡലം സെക്രട്ടറിയായിരുന്ന മധു ഈച്ചരത്തിന്റെ വിധവയേക്കാൾ മികച്ച വിധവയാകുന്നതെന്തുകൊണ്ട് നിങ്ങൾക്ക് കെ.കെ. രമ? വെട്ടുകളുടെ എണ്ണം നോക്കിയാണോ വിധവകളുടെ റേറ്റിംഗ്? -നന്ദകുമാർ ചോദിക്കുന്നു.
"ആക്ഷൻ ഹീറോ ബിജു" എന്ന ചിത്രത്തിൽ മദ്യപിച്ച് ഉടുതുണിയുരിഞ്ഞു കാണിച്ച് ഹൃദ്രോഗിയാണെന്ന മറവിൽ രക്ഷപ്പെടുന്ന കഥാപാത്രത്തെയാണ് രമ ഓർമിപ്പിക്കുന്നത്. ഭർത്താവ് മരിച്ച നാളുകളിൽ ആസ്ഥാന വിധവയോട് അൽപം അനുകമ്പ തോന്നിയിരുന്നു. ഇപ്പോൾ വിധവ എന്ന പ്രയോഗം അവർക്ക് അവഹേളനമായി തോന്നുന്നെങ്കിൽ ആ പരിഗണന ഇനി അവർ അർഹിക്കുന്നില്ലല്ലോ -ഇയാൾ മറ്റൊരു കുറിപ്പിൽ പറയുന്നു.
നന്ദകുമാർ എഴുതിയതിന്റെ പൂർണരൂപം:
വിധവകളുടെ റേറ്റിംഗ് നിശ്ചയിക്കുന്നതാരാണ്?
കെ.കെ. രമ കേരളത്തിലെ ആസ്ഥാന വിധവയൊന്നുമല്ല. ആദ്യത്തെ വിധവയുമല്ല. ടി.പി.യുടേത് ആദ്യത്തെ രാഷ്ട്രീയ കൊലപാതകവുമല്ല. രാഷ്ട്രീയ വിധവകളുടെ എണ്ണമെടുത്താൽ വൈധവ്യം പേറുന്ന ഏറ്റവുമധികം വനിതകൾ സി.പി.എം ലാണ്. നഴ്സറി കുട്ടികളെ പോലെ അവരാരും എന്നെ നുള്ളിയേ പിച്ചിയേ എന്നു വിളിച്ച് ചിണുങ്ങി നടക്കാറില്ല. ധീരജിന്റെ കൊലപാതകം ഇരന്നു വാങ്ങിയതാണെന്ന് നാഴികയ്ക്കു നാൽപതു വട്ടം ആവർത്തിക്കുന്ന കെ.സുധാകരന്റെ ഭാഷയിൽ പറഞ്ഞാൽ ഈ വൈധവ്യവും ഇരന്നുവാങ്ങിയതാണെന്നു സി.പി.എം നു പറയാം. അവരതു പറയാതിരിക്കുന്നത് അവരുടെ മര്യാദ. എന്തായാലും രമയുടെ ഈ ചിണുങ്ങൽ വല്ലാതെ അരോചകമാകുന്നുണ്ട്. പ്രിയപ്പെട്ട വി.ഡി. സതീശനോട് ചോദിക്കട്ടെ? അയ്യന്തോൾ ക്ഷേത്രമുറ്റത്തിട്ട് ഭാര്യയുടെയും പിഞ്ചു മകന്റെയും മുൻപിൽ നിങ്ങൾ വെട്ടി നുറുക്കിയ നിങ്ങളുടെ തന്നെ മണ്ഡലം സെക്രട്ടറിയായിരുന്ന മധു ഈച്ചരത്തിന്റെ വിധവയേക്കാൾ മികച്ച വിധവയാകുന്നതെന്തുകൊണ്ട് നിങ്ങൾക്ക് കെ.കെ. രമ? വെട്ടുകളുടെ എണ്ണം നോക്കിയാണോ വിധവകളുടെ റേറ്റിംഗ് ?
--------------
ഭർത്താവ് മരിച്ച നാളുകളിൽ വിധവ എന്ന നിലയിൽ ആസ്ഥാന വിധവയോട് അൽപം അനുകമ്പ തോന്നിയിരുന്നു. ഇപ്പോൾ വിധവ എന്ന ആ പ്രയോഗം അവർക്ക് അവഹേളനമായി തോന്നുന്നെങ്കിൽ ആ പരിഗണന ഇനി അവർ അർഹിക്കുന്നില്ലല്ലോ. മാത്രമല്ല, UDF പാളയത്തിലെത്തി യതോടു കൂടി UDF ന്റെ ദുഷിച്ച രാഷ്ടീയത്തിൽ മുങ്ങി അവരും നാറുകയാണ്. "ആക്ഷൻ ഹീറോ ബിജു" എന്ന ചിത്രത്തിൽ മദ്യപിച്ച് മദോന്മത്തനായി വഴിപോക്കരെയെല്ലാം തെറി വിളിക്കുകയും ഉടുതുണിയുരിഞ്ഞു കാണിക്കുകയും പോലീസോ മറ്റാരുമെങ്കിലോ ചെറുക്കാൻ വന്നാൽ താൻ ഹൃദ്രോഗിയാണെന്ന മറവിൽ രക്ഷപ്പെടുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെ ഓർമിപ്പിക്കുന്നു അവർ ഇപ്പോൾ. അതിന് നിവിൻ പോളി ചെയ്തതു പോലെ ഒരു ചൊറിയണം പ്രയോഗം മതി. മുഖ്യമന്ത്രിയെ അവഹേളിക്കാൻ വി.ഡി. സതീശൻ എഴുതിക്കൊടുക്കുന്ന തുണ്ടുകൾ അതേപടി ആവർത്തിക്കുകയും തിരിച്ച് അതിനെ ഭരണപക്ഷം പ്രതിരോധിക്കുമ്പോൾ "താനദ്ദേഹത്തിന്റെ വിധവയല്ലേ" എന്ന പരിച എടുത്ത് തടയാനുമാണ് അവർ ശ്രമിക്കുന്നത്. ഭീഷ്മർക്കും അർജ്ജുനനുമിടയിൽ കയറി നിൽക്കുന്ന വ്യാസ കഥാപാത്രമാകാനാണ് അവരുടെ ശ്രമം. ഈ തന്ത്രമാണ് കുറേ നാളായി അവർ പയറ്റുന്നത്. അത് ഇനി പൊളിച്ചു കൊടുത്തേ പറ്റൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.