തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽനിന്ന് മോചനമില്ലാതെ സർക്കാർ. വീണാ വിജയൻ കരിമണൽ കമ്പനിയിൽനിന്ന് മാസപ്പടി കൈപ്പറ്റിയെന്ന ആരോപണത്തിന്റെ പുകയടങ്ങുംമുമ്പാണ് വേറെയും കമ്പനികളിൽനിന്ന് പണം കിട്ടിയതിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. രണ്ടാം ബാർ കോഴ ആരോപണം സജീവമായി നിൽക്കവെയാണ് എക്സാലോജിക് വാർത്തകളിൽ നിറയുന്നത്.
വീണാ വിജയൻ നിയന്ത്രിച്ച അബൂദബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് വൻതുക കൈമാറിയതായി പറയുന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പർ (പി.ഡബ്ല്യു.സി) സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉൾപ്പെട്ട കമ്പനിയാണ്. വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയനെതിരെ ഉയർന്ന കോഴ വിവാദത്തിൽ ഉൾപ്പെട്ട കമ്പനിയാണ് എസ്.എൻ.സി ലാവലിൻ.
ഈ കമ്പനികളിൽനിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വിദേശത്തെ അക്കൗണ്ടിലേക്ക് വൻതോതിൽ പണമൊഴുകിയെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ഇക്കാര്യം ഉയർത്തിക്കാട്ടി പ്രതിപക്ഷം രംഗത്തുവന്നു. സർക്കാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉൾപ്പെട്ട കമ്പനികൾ എന്തിന് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയെന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയോ പാർട്ടിയോ വീണാ വിജയനോ പ്രതികരിച്ചിട്ടില്ല.
കരിമണൽ കമ്പനി സി.എം.ആർ.എല്ലിൽനിന്ന് എക്സാലോജിക് 1.72 കോടി കൈപ്പറ്റിയതിന്റെ വിവരങ്ങൾ പുറത്തുവന്നത് മാസങ്ങളായി സർക്കാറിനെയും സി.പി.എമ്മിനെയും പ്രതിരോധത്തലാക്കിയിരുന്നു. പണം കൈപ്പറ്റിയത് സ്ഥിരീകരിച്ച കമ്പനി, വരുമാനത്തിന് ജി.എസ്.ടി നൽകിയതുൾപ്പെടെ രേഖകൾ ഹാജരാക്കി രണ്ടു കമ്പനികൾ തമ്മിലുള്ള നിയമപരമായ ഇടപാടാണെന്ന് വിശദീരിച്ചു.
എന്നാൽ, സേവനം നൽകാതെയാണ് കരിമണൽ കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയതെന്ന ആരോപണത്തിന് തൃപ്തികരമായ മറുപടി നൽകാൻ എക്സാലോജിക്കിന് കഴിഞ്ഞിട്ടില്ല. അങ്ങനെയിരിക്കെ പ്രൈസ് വാട്ടർഹൗസ് കൂപ്പർ, എസ്.എൻ.സി ലാവലിൻ എന്നീ കമ്പനികളിൽനിന്ന് വീണാ വിജയൻ വൻതുക കൈപ്പറ്റിയെന്ന വിവരത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം സർക്കാറിനെയും സി.പി.എമ്മിനെയും കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.