വർക്കല: വിവാഹവും പരീക്ഷയും ഒരുമിച്ചെത്തിയപ്പോൾ കല്യാണപ്പെണ്ണ് വിവാഹ വേഷത്തിൽ പരീക്ഷഹാളിലെത്തി പരീക്ഷയെഴുതി. ചാവർകോട് സി.എച്ച്.എം.എം കോളജിലെ രണ്ടാം സെമസ്റ്റർ എം.ബി.എ വിദ്യാർഥിനി സുൽത്താന എഫ്. നജീബ് ആണ് വിവാഹ വേഷത്തിലെത്തി പരീക്ഷ എഴുതിയത്. വർക്കല കുരയ്ക്കണ്ണി ജമീല ഹൗസിൽ അബ്ദുൽ നെജിയുടെയും ഫാസില നെജിയുടെയും മകളാണ്.
കഴിഞ്ഞ പതിനാലിനായിരുന്നു രണ്ടാം സെമസ്റ്റർ പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാൽ കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ തീയതി 24 ലേക്ക് മാറ്റുകയായിരുന്നു. ഇതേ ദിവസമാണ് കുരയ്ക്കണ്ണി എസ്.എം ഷാ മൻസിലിൽ ഷാക്കുട്ടിയുടെയും ഫരീദയുടെയും മകൻ മുഹമ്മദ് ഷായുമായി സുൽത്താനയുടെ വിവാഹവും നിശ്ചയിച്ചത്.
വിവാഹം മാറ്റിവെക്കാനോ പരീക്ഷ എഴുതാതിരിക്കാനോ ആവാത്ത വിഷമഘട്ടത്തിലായി സുൽത്താനയും രക്ഷിതാക്കളും. ഒടുവിൽ വരന്റെ രക്ഷിതാക്കളുമായി കാര്യങ്ങൾ സംസാരിച്ചാണ് ഓഡിറ്റോറിയത്തിൽ നിന്നു നേരെ കോളജിലെത്തി പരീക്ഷ എഴുതാമെന്ന് തീരുമാനിച്ചത്. അതുപ്രകാരം സുൽത്താന വിവാഹ വേഷത്തിൽത്തന്നെ രാവിലെ പത്തിന് കോളജിലെത്തി പരീക്ഷ എഴുതി. ശേഷമാണ് തിരികെ വിവാഹ ചടങ്ങുകൾ നടക്കുന്ന ഇടവയിലെ ഓഡിറ്റോറിയത്തിലേക്ക് പോയത്.
പുതുപ്പെണ്ണായ സുൽത്താനയെ കൂട്ടുകാരും അധ്യാപകരും ചേർന്ന് സ്വീകരിക്കുകയും പരീക്ഷക്ക് ശേഷം ആശംസകൾ നൽകി യാത്രയാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.