അഞ്ച് മണിക്കൂറോളം കുട്ടിക്കായി ആരും എത്തിയില്ല; നീലിമലയിൽ കൂട്ടംതെറ്റിയ ഇഷിതക്ക്‌ രക്ഷകരായി എക്‌സൈസ് ഉദ്യാഗസ്ഥർ

ശബരിമല: പമ്പയിൽ നിന്നും ശബരിമലയിലേക്ക് ഉള്ള യാത്രയിൽ തിരക്കിനിടയിൽ നീലിമലയിൽ വെച്ച് കൂട്ടംതെറ്റിയ ഏഴ്‌ വയസ്സുകാരി ഇഷിതക്ക്‌ രക്ഷകരായി എക്‌സൈസ് ഉദ്യാഗസ്ഥർ. വല്യച്ഛൻ ശങ്കറിന്റെ കൂടെയായിരുന്നു ഇഷിത ബംഗളൂരു കുബ്ബാൻപേട്ടിൽ നിന്നും ശബരിമല ദർശനത്തിന് എത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തുമ്പോൾ കുട്ടി നീലിമലയിൽ കരഞ്ഞ് തളർന്ന് ക്ഷീണിച്ച് അവശനിലയിലായിരുന്നു. കുട്ടിയുടെ കൈയിൽ കെട്ടിയ ടാഗിലെ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു.

തുടർന്ന് കുട്ടിയെ ഉദ്യോഗസ്ഥർ മാറിമാറി തോളിൽ ഇരുത്തി മരക്കൂട്ടത്തിൽ എത്തിച്ചു. മരക്കൂട്ടത്തിൽ നിന്നും പൊലീസിന്റെ വയർലസ് സെറ്റ് വഴി സന്ദേശം കൈമാറിയെങ്കിലും അഞ്ച് മണിക്കൂറോളം കുട്ടിക്കായി ആരും എത്തിയില്ല. തുടർന്ന് ഡി.വൈ.എസ്‌.പി കെ.ജെ. വർഗീസിന്റെ നേതൃത്വത്തിൽ കുട്ടിയുടെ വല്യച്ഛനെ കണ്ടെത്തുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ കുട്ടിയെ പൊലിസിന്‍റെ സാന്നിധ്യത്തിൽ കൈമാറി.


കുത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.കെ വിജേഷിന്റെ നേതൃത്വത്തിൽ ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്സൈസ് ഇൻസ്പെക്ടർ കെ. അശോകൻ പ്രിവന്റീവ് ഓഫിസർമാരായ ഷാജി അളോക്കൻ, പി. ജലീഷ്, ജിനേഷ് നരിക്കോടൻ എന്നിവരാണ് കുട്ടിയുടെ രക്ഷകരായത്.

സന്നിധാനത്തും കർണാടക സ്വദേശിയായ രക്ഷിതാക്കളെ കൈവിട്ട് പോയ മറ്റൊരു കുട്ടിയേയും എക്സൈസ് ഉദ്യോഗസ്ഥർ സുരക്ഷിതമായി രക്ഷിതാക്കളെ ഏൽപ്പിച്ചിരുന്നു.

Tags:    
News Summary - Excise officials rescued girl who got lost in Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.