മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോളുകളിൽ കൂടുതൽ ചർച്ച നടത്തേണ്ട കാര്യമില്ലെന്നും കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്സിറ്റ് പോളിനൊക്കെ 48 മണിക്കൂർ ആയുസ്സാണുള്ളത്. എക്സിറ്റ് പോളുകൾ എല്ലാ കാലവും ഉണ്ടാകാറുണ്ട്. ചിലത് ശരിയായിട്ടുണ്ട്. ചിലത് തള്ളിപ്പോയിട്ടുണ്ടെന്നും പി.എം.എ. സലാം പറഞ്ഞു. കെ.എം.സി.സി യോഗത്തിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, കൂടുതൽ അംഗങ്ങളുള്ള സംഘടനയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സംഘടന തെരഞ്ഞെടുപ്പാവുമ്പോൾ ഇത്തരം കാര്യങ്ങൾ ഉണ്ടാവും. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും. പാർട്ടിക്ക് അച്ചടക്കമാണ് പ്രധാനം. തെറ്റ് ചെയ്തവർക്കെതിരെ നടപടി ഉണ്ടാകും.
രാജ്യസഭാ സീറ്റിന്‍റെ കാര്യം സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ തീരുമാനിക്കും. ഈ വിഷയത്തിൽ തങ്ങളുടെ വാക്കാണ് അവസാനത്തേത്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കും.
ഞാനടക്കമുള്ള ലീഗ് നേതാക്കൾ അഹമ്മദ് ദേവർകോവിലുമായി ചർച്ച നടത്തിയെന്ന പ്രചാരണം തെറ്റാണ്. അദ്ദേഹത്തെ ഞാൻ കണ്ടിട്ട് തന്നെ മാസങ്ങളായി. ചില ചടങ്ങുകളിൽ എം.എൽ.എമാരുമായും നേതാക്കളുമായും നടത്തുന്ന സൗഹൃദ സംഭാഷണങ്ങളൊക്കെ രാഷ്ട്രീയ ചർച്ചകളായി പറയാനാവില്ലെന്നും പി.എം.എ. സലാം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.