തിങ്കളാഴ്ച രാത്രി പെയ്ത അതിതീവ്ര മഴയാണ് ഉരുൾ പൊട്ടലിന് കാരണമായതെന്ന് വിദഗ്ധർ

 കോഴിക്കോട് : വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല മേഖലയിലുണ്ടായ ഉരുള്‍പ്പൊട്ടലിന് കാരണം അതിതീവ്ര മഴയെന്ന് വിദഗ്ധർ. കുസാറ്റിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. എസ്.അഭിലാഷും ജിയോളജിസ്റ്റ് ഡോ. എസ്. ശ്രീകുമാറുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ല്‍ കവളപ്പാറ - പുത്തുമല മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് നിന്ന് രണ്ടോ മൂന്നോ കിലോമീറ്റര്‍ദൂരം മാത്രമുള്ള മേഖലയിലാണ് നിലവില്‍ ദുരന്തം ഉണ്ടായിരിക്കുന്നതെന്നും ഭൂമിശാസ്ത്രപരമായി തന്നെ ദുര്‍ബലമായ മേഖലയാണിതെന്നും ഡോ. എസ്.അഭിലാഷ് പറഞ്ഞു.

ഉരുള്‍പൊട്ടലുണ്ടാവാന്‍ വലിയ സാധ്യതയും നേരത്തെ തന്നെ ഉള്ളതാണ്. രാത്രി വീണ്ടും അതിതീവ്ര മഴ പെയ്തുവെന്നതാണ് വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടാവാന്‍ കാരണമായത്. അതിതീവ്ര മഴ ഭൂരിഭാഗവും പെയ്തത് രാത്രിയിലാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായി ഈ പ്രതിഭാസത്തെ 'മീസോസ്‌കെയില്‍ മിനി ക്ലൗഡ് ബസ്റ്റ്' എന്നാണ് പറയുന്നത്. രണ്ട് മുതല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 15 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ കിട്ടുന്ന സാഹചര്യത്തിനെയാണ് 'മിനി ക്ലൗഡ് ബസ്റ്റ്' എന്ന് പറയുന്നത്. ഇത് വ്യാപകമായി കിട്ടുന്നത് കൊണ്ടാണ് ഇതിനെ 'മീസോസ്‌കെയില്‍ മിനി ക്ലൗഡ് ബസ്റ്റ്' എന്ന് വിളിക്കുന്നത്. ഇതാണ് നിലവില്‍ വടക്കന്‍ കേരളത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്.

10 സെന്റിമീറ്റര്‍ മഴ പെയ്താൽ പോലും ഉരുൾപൊട്ടലിന് സാധ്യത ഏറെയാണ്. വനായട്ടിലെ മാന്തവാടി, വൈത്തിരി, തിരുനെല്ലി പ്രദേശങ്ങളും ഇതിന് സമാനമാണ്. മേപ്പാടിയിൽ 1984ൽ ഉരുൾപൊട്ടിയിരുന്നു. അന്ന് 14 പേരാണ് മരണപ്പെട്ടത്. 1999 ലും ഉരുൾപൊട്ടൽ ഉണ്ടായി. ഇപ്പോൾ മലയുടെ മുകൾ ഭാത്താണ് ഉരുൾ പൊട്ടിയത്. അത് താഴ്വരെയാണ് ഗുരിതരമായി ബാധിച്ചത്.

കഴിഞ്ഞ രണ്ടാഴ്ചയായിട്ട് വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് മേഖലകളില്‍ ലഭിക്കുന്നത് സാധാരണ ഒരാഴ്ചയില്‍ കിട്ടുന്നതിനേക്കാള്‍ 50 മുതല്‍ 70 ശതമാനമെങ്കിലും കൂടുതലാണ്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച രാത്രി അതിതീവ്ര മഴ ഉണ്ടായത്. വയനാട്, കണ്ണൂര്‍, കോഴിക്കോട് മേഖലകളില്‍ 24 സെന്റിമീറ്ററിന് മുകളിലാണ് മഴ രേഖപ്പെടുത്തിയത്.

Tags:    
News Summary - Experts say that the heavy rain that fell on Monday night was not the cause of the landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.