തിരുവനന്തപുരം: രാജിക്കത്തിലും നിയമനത്തിലെ ചട്ടലംഘനം സംബന്ധിച്ച ഹിയറിങ്ങിലും ചാൻസലറായ ഗവർണറുടെ തീരുമാനം വരുംമുമ്പ് ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല വൈസ്ചാൻസലർ ഡോ. പി.എം. മുബാറക് പാഷ പടിയിറങ്ങുന്നു. വി.സി പദവി രാജിവെച്ചുകൊണ്ട് ഡോ. മുബാറക് പാഷ ഗവർണർക്ക് നൽകിയ കത്തിന് വ്യാഴാഴ്ച ഒരു മാസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പടിയിറക്കം.
സർവകലാശാല നിയമപ്രകാരം വി.സി രാജിക്കത്ത് നൽകിയാൽ ചാൻസലർ അംഗീകരിക്കുന്ന തീയതി മുതലോ രാജി നോട്ടീസ് നൽകി ഒരു മാസം പൂർത്തിയാക്കുന്നത് മുതലോ ആണ് രാജി പ്രാബല്യത്തിൽ വരുന്നത്. ഫെബ്രുവരി 22ന് നൽകിയ രാജി ഇതുവരെ ചാൻസലർ അംഗീകരിക്കാത്ത സാഹചര്യത്തിൽ വെള്ളിയാഴ്ച 30 ദിവസം പൂർത്തിയാകുന്നതിനാലാണ് ഡോ. പാഷയുടെ പടിയിറക്കം. ബുധനാഴ്ച സർവകലാശാല ജീവനക്കാർ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി.
നിയമനത്തിൽ യു.ജി.സി റെഗുലേഷൻ പാലിച്ചില്ലെന്നതിന് ഡോ. പാഷ ഉൾപ്പെടെ നാല് വി.സിമാർക്ക് ഗവർണർ കാരണം കാണിക്കൽ നൽകി ഹിയറിങ്ങിന് വിളിച്ചിരുന്നു. എന്നാൽ, അതിനുമുമ്പേതന്നെ ഡോ. പാഷ രാജി നൽകി. ഇതിനെതുടർന്ന് ഫെബ്രുവരി 24ന് നടത്തിയ ഹിയറിങ്ങിന് ഡോ. പാഷ ഹാജരായിരുന്നില്ല. ആദ്യ വി.സിമാർ എന്ന നിലയിൽ സർവകലാശാല നിയമപ്രകാരവും സർക്കാർ ശിപാർശയിലും സെർച് കമ്മിറ്റി ഇല്ലാതെയാണ് ഡോ. പാഷയെയും ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിനെയും ഗവർണർ നിയമിച്ചത്.
സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീംകോടതി അസാധുവാക്കിയതോടെയാണ് യു.ജി.സി റെഗുലേഷൻ പാലിക്കാതെ നിയമനം ലഭിച്ച വി.സിമാർക്ക് ഗവർണർ നോട്ടീസ് നൽകിയത്. ഹിയറിങ്ങിന് ഹാജരായ കാലിക്കറ്റ് വി.സി ഡോ.എൻ.കെ. ജയരാജ്, കാലടി സർവകലാശാല വി.സി ഡോ.എം.വി. നാരായണൻ എന്നിവരെ ഗവർണർ പിരിച്ചുവിട്ടു.
ഓപൺ സർവകലാശാലയുടെ ആദ്യ വി.സി എന്നനിലയിൽ 28 കോഴ്സുകൾക്ക് യു.ജി.സിയുടെ വിദൂര വിദ്യാഭ്യാസ ബ്യൂറോയിൽനിന്ന് അംഗീകാരം നേടിയെടുക്കാനായത് മുബാറക് പാഷയുടെ നേട്ടമാണ്. ആരംഭദശയിൽതന്നെ യു.ജി.സിയിൽനിന്ന് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായവും നേടിയെടുത്തു. സർവകലാശാല വിദ്യാർഥികൾക്കായി ചുരുങ്ങിയ കാലംകൊണ്ട് കലോത്സവം ഉൾപ്പെടെ സംഘടിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.