തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി തിരുവമ്പാടി ദേവസ്വം. പൂരം കലക്കിയതിന്റെ ഉത്തരവാദിത്തം തിരുവമ്പാടി ദേവസ്വത്തിന്റെ മേല്‍ വെച്ചുകെട്ടാനാണ് ശ്രമമെന്നും ദേവസ്വത്തില്‍ ആരും രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എ.ഡി.ജി.പിയുടെ വീഴ്ച മറക്കാനാണ് ശ്രമം. പൂരം കലക്കല്‍ സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൂരം അലങ്കോലമാക്കിയത് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ഇതിനായി ദേവസ്വം ബോർഡിലെ ചിലർ ഗൂഡാലോചന നടത്തിയതായും എ.ഡി.ജി.പി അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
പുറത്തു വന്ന റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം മുന്‍കൂട്ടി തീരുമാനം എടുത്തിരുന്നതായും സുന്ദര്‍ മേനോന്‍, ഗിരീഷ്, വിജയമേനോന്‍, ഉണ്ണികൃഷ്ണന്‍, രവി എന്നിവര്‍ അതിനു വേണ്ടി പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍നിശ്ചയിച്ച പ്രകാരം പൂരം നിര്‍ത്തിവച്ചതായി ഇവര്‍ പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എ.ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയതായി വാര്‍ത്തകളിലൂടെ കണ്ടെന്ന് ഗിരീഷ് കുമാര്‍ പറഞ്ഞു. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ഡി.ജി.പി തളളിയതാണ്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടത്.
പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വത്തിന്റെ മുകളില്‍ കെട്ടിവെക്കാനുള്ള ഗൂഡശ്രമമാണ് പിന്നില്‍. 3500 ഓളം പൊലീസും ഉയര്‍ന്ന ഉദ്യഗോസ്ഥര്‍, ഇന്റലിജന്‍സ് റവന്യൂ ഉദ്യോഗസ്ഥര്‍ എല്ലാ തന്നെ അവിടെ ഉണ്ടായിരുന്നു. അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെ മുഖ്യമന്ത്രി തള്ളുകയും ചെയ്തിട്ടുണ്ട്. പൂരം കലക്കുമെന്ന് പൂരം കഴിഞ്ഞ ശേഷമാണോ അവര്‍ അറിഞ്ഞതെന്നും ഗിരീഷ് കുമാര്‍ ചോദിച്ചു. പൂരം നടത്താനുള്ള കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കേണ്ടത് പൊലീസ് ആണ്. എ.ഡി.ജി.പി രണ്ടുദിവസം ഇവിടെ ഉണ്ടായിരുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ട് അദ്ദേഹം എന്തിന് മൂടിവച്ചുവെന്നും ഗിരീഷ് കുമാര്‍ ചോദിച്ചു.
226 വര്‍ഷമായി പൂരം നടക്കുന്നു. അതിന്റെ ഇടയില്‍ പല ഇലക്ഷനും നടന്നിട്ടുണ്ട്. അതിലൊന്നും ആരും രാഷ്ട്രീയം കളിച്ചിട്ടില്ല. ഈ കേസ് തെളിയിക്കണമെങ്കില്‍ സി.ബി.ഐക്ക് വിടണമെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.