കോഴിക്കോട്: തീരദേശ ഹൈവേയിൽ കേരളത്തിലെ ഏറ്റവും നീളം കൂടിയ എക്സ്ട്രാ ഡോസ്ഡ് പാലം നിർമിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 4.43 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കാൻ വിനിയോഗിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ ബേപ്പൂരിനെയും കരുവൻതുരുത്തിയെയും ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിന് കുറുകെ ഒരു കിലോമീറ്ററോളം നീളത്തിലാണ് പാലം നിർമ്മിക്കുക. കിഫ്ബി പദ്ധതിയിൽ 189.23 കോടി രൂപയാണ് പാലത്തിനായി ചിലവഴിക്കുന്നത്. സസ്പെൻഷൻ പാലത്തിന്റെയും സാധാരണ പാലങ്ങളുടെയും സംയോജനമാണ് എക്സ്ട്രാ ഡോസ്ഡ് പാലങ്ങൾ.
ബീമുകളുടെ ഉയരം കുറച്ച് രണ്ട് തൂണുകളിലേക്കും പ്രത്യേക തരം കമ്പികൾ ഉപയോഗിച്ച് പാലം വലിച്ച് കെട്ടുന്ന നിർമ്മാണ രീതിയാണ് ഇതിന്റെ പ്രത്യേകത. അത്യാധുനിക രീതിയിൽ നിർമിക്കുന്ന ഈ എക്സ്ട്രാ ഡോസ്ഡ് പാലം കേരളത്തിന്റെ വാണിജ്യ ടൂറിസം മത്സ്യബന്ധന മേഖലകൾക്ക് കരുത്തേകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പാലത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരു നിർണയം നാല് വർഷം മുമ്പ് പൂർത്തിയാക്കിയിരുന്നു. അത്യാധുനിക ശാസ്ത്ര-സാങ്കേതിക വിദ്യയുപയോഗപ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി നിർമിക്കുന്ന പാലത്തിനായി ബേപ്പൂർ ബി.സി. റോഡ്, ചാലിയാറിെൻറ മറുകരയായ ഫറോക്ക് നഗരസഭയിലുൾപ്പെടുന്ന കരുവൻതിരുത്തിയിലെ മഠത്തിൽപാടം എന്നിവിടങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്.
ഫറോക്ക് കരുവൻതിരുത്തി റോഡിൽനിന്ന് 350 മീറ്ററും ബേപ്പൂർ ബി.സി. റോഡിൽനിന്ന് 130 മീറ്ററുമാണ് ഭൂമി ഏറ്റെടുക്കുന്നത്. മഠത്തിൽ പാടത്ത് എട്ടും, ബേപ്പൂരിൽ രണ്ടും വീടുകളും 12 കച്ചവടസ്ഥാപനങ്ങളും ഏറ്റെടുക്കുന്ന ഭൂമിയിൽ ഉൾപ്പെടും. കോഴിക്കോട് ബീച്ച് വഴി ബേപ്പൂരിലേക്കെത്തുന്ന തീരദേശ പാതയെ ഫറോക്ക്, ചാലിയം, തിരൂർ, പൊന്നാനി തീരദേശ പാതയുമായി കൂട്ടിയിണക്കുകയാണ് പദ്ധതി ലക്ഷ്യം.
അത്യാധുനിക ശാസ്ത്ര-സാങ്കേതികവിദ്യയുപയോഗപ്പെടുത്തിയാണ് പാലമുയരുക. ഏതാണ്ട് 900 മീറ്റർ നീളമുള്ള പാലത്തിന്റെ സ്പാനുകളുടെ നീളം പരമാവധി കൂട്ടി, പുഴയിലെ തൂണുകളുടെ എണ്ണം കുറച്ചും 'എക്സ്ട്രാ ഡോസ്ഡ് ' രീതിയിലാണ് നിർമാണം. ഇത്തരത്തിലുള്ള പാലം കേരളത്തിൽ ആദ്യമാണ്. കപ്പൽചാൽ കടന്നുപോകുന്നതിനാൽ പുഴക്ക് കുറുകെ പാലം നിർമിക്കുക സാധ്യമല്ലാത്തതിനാൽ വേണ്ടെന്നുവെച്ച പദ്ധതിയാണ് നടപ്പാക്കുന്നത്. ബേപ്പൂരിൽ ചാലിയാറിെൻറ ഇരുകരകളും ബന്ധിപ്പിച്ചുകൊണ്ട് റോഡ് മാർഗം ഇല്ലാത്തത് വലിയ പ്രശ്നമാണ്. പരിമിത സൗകര്യങ്ങളോടെയുള്ള ജങ്കാർ സർവിസ് മാത്രമാണ് ഇപ്പോഴുള്ളത്. ഫറോക്ക് വഴി എട്ടു കിലോമീറ്റർ ചുറ്റിയാൽ മാത്രമേ തീരദേശ റോഡുമാർഗമുള്ള സഞ്ചാരം സാധ്യമാകൂ. ഇതിന് പുതിയ പാലം പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.