തിരുവനന്തപുരം: നായർ സർവിസ് സൊസൈറ്റി (എൻ.എസ്.എസ്) തലപ്പത്ത് സുകുമാരൻ നായരുടെ ഏകാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ പ്രവർണതകൾക്കെതിരെ നായേഴ്സ് സമുദായ മഹാസഖ്യ രൂപവത്കരണവുമായി ഒരുവിഭാഗം സമുദായാംഗങ്ങൾ.സുകുമാരൻ നായരുടെ നിലപാടുകളിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ചങ്ങനാശേരിയിൽ പ്രതിനിധിസഭയിൽനിന്ന് നേതൃനിരയിലെ പ്രധാനിയായിരുന്ന കലഞ്ഞൂർ മധു അടക്കം ആറുപേർ ഇറങ്ങിപ്പോയിരുന്നു. കലഞ്ഞൂർ മധുവിനൊപ്പം നീതിക്ക് വേണ്ടി പോരാടാനാണ് തീരുമാനമെന്ന് മഹാസഖ്യം പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എൻ.എസ്.എസ് തലപ്പത്തിരുന്ന് സ്വന്തം ഭാവനക്കനുസരിച്ചാണ് സുകുമാരൻ നായർ സമദൂരം പറയുന്നത്. എന്നാൽ ഞങ്ങൾക്ക് അക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് സഖ്യരൂപവത്കരണ വുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കും. എൻ.എസ്.എസിന്റെ നേതൃനിരയിൽ ഇരുന്നുകൊണ്ട് സമുദായാംഗങ്ങളെ വഞ്ചിക്കുന്ന സുകുമാരൻ നായരുടെ ദുർഭരണത്തിനെതിരെയാണ് ഈ പോരാട്ടം. നേതൃനിരയോട് വിയോജിപ്പുള്ള 18ഓളം നായർ സമുദായ സംഘടനകളും കരയോഗങ്ങളും സമുദായ അംഗങ്ങളും മഹാസഖ്യത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയാറായിട്ടുണ്ടെന്നും അവർ അറിയിച്ചു.
എൻ.എസ്.എസ് മുൻ രജിസ്ട്രാർ പ്രഫ. വി.പി. ഹരിദാസ്, ഹരേ രാമ ശ്രീകൃഷ്ണാശ്രമം സൗത്ത് ഇന്ത്യ ചെയർമാൻ ഇടയാടി സ്വാമികൾ, എൻ.എസ്.എസ് പ്രതിനിധി സഭ അംഗം ടി.കെ.ജി നായർ, കോട്ടയം യൂനിയൻ പ്രസിഡന്റ് അയർകുന്നം രാമൻനായർ, എൻ.എസ്.എസ് മുൻ പ്രതിനിധി സഭാംഗം പ്രഫ. കോന്നി ഗോപകുമാർ, റിജേഷ് നമ്പ്യാർ, മുക്കപ്പുഴ നന്ദകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.