തിരുവനന്തപുരം: പച്ചക്കറി-ഫലവൃക്ഷത്തൈ വിതരണത്തിൽ വീഴ്ച സംഭവിച്ചതിൽ തകഴി കൃഷി ഓഫിസറായിരുന്ന എം.എസ്. സുജയിൽനിന്ന് നഷ്ടമായ തുക തിരിച്ച് പിടിക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. തകഴി പഞ്ചായത്തിൻറെ 2017-18-ലെ വാർഷിക പദ്ധതിയിൽപ്പെടുത്തിയാണ് പച്ചക്കറി-ഫലവൃക്ഷത്തൈ വിതരണം എന്ന പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ നിർവഹണത്തിൽ വീഴ്‌ചയുണ്ടായെന്ന് പരിശോധനയിൽ വ്യക്തമായി.
പരിശോധനയിൽ 35,925 രൂപ മതിപ്പുവിലയുള്ള പച്ചക്കറി-ഫലവൃക്ഷതൈകൾ വിതരണം ചെയ്യാതെ നശിച്ചുപോയെന്നും കണ്ടെത്തി. ഈ സാഹചര്യത്തിൽ ഈ തുക, പദ്ധതി നിർവഹണത്തിൽ വീഴ്ചവരുത്തുകയും പദ്ധതിലക്ഷ്യം കൈവരിക്കുന്നതിൽ അലംഭാവം കാട്ടുകയും ചെയ്ത കൃഷി ഓഫീസറായ എം.എസ്. സുജയുടെ ബാധ്യതയായി കണക്കാക്കണം എന്നാണ് റിപ്പോർട്ട്. ഈ ഉദ്യോഗസ്ഥയിൽ നിന്നും തുക തിരിച്ചുപിടിക്കുന്നതിന് ഭരണ വകുപ്പിന് നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
പച്ചക്കറി - ഫലവൃക്ഷത്തൈ വിതരണം വിതരണത്തിൽ 780 യൂനിറ്റ് തൈകൾ (ഒരു യൂനിറ്റ് - ഒരു ഒട്ടുപ്ലാവ്, ഒരു കറിവേപ്പ്, ഒരു കാന്താരി) വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടത്. കൃഷി ഓഫീസർ നിർവഹണ ഉദ്യോഗസ്ഥനായ പദ്ധതിയുടെ അടങ്കൽ തുക 58,500 രൂപയായിരുന്നു. ഇതിൽ 46,800 രൂപ ഒട്ടുപ്ലാവിൻ തൈകൾ വാങ്ങുവാനായും 11,700 രൂപ പച്ചക്കറി വിത്തുകൾ വാങ്ങുന്നതിനായും നീക്കി വച്ചിരുന്നു.
പരിശോധനാ സമയം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാതെ സൂക്ഷിച്ചിട്ടുള്ള കരിഞ്ഞ നിലയിലുള്ള 479 യൂനിറ്റ് തൈകൾ ഗോഡൗണിൽ കണ്ടെത്തി. രേഖകൾ പരിശോധിച്ചതിൽ അമ്പലപ്പുഴ 780 വീതം കറിവേപ്പ്, പ്ലാവ്, കാന്താരി തൈകൾ തകഴി കൃഷി ഓഫീസർക്ക് വിതരണം ചെയ്തുവെന്ന് രേഖപ്പെടുത്തി. എന്നാൽ, വിതരണ രജിസ്റ്റർ പരിശോധിച്ചതിൽ 301 യൂനിറ്റ് തൈകൾ മാത്രമാണ് ഗുണഭോക്താക്കൾക്ക് വിതരണം നടത്തിയത്.
തകഴി കൃഷി ഓഫീസറുടെ അനാസ്ഥ മൂലം 479 യൂനിറ്റ് തൈകൾ വിതരണം ചെയ്യാതെ നശിച്ചുപോയി. ഇത് വഴി 35,925 രൂപയുടെ സർക്കാർ പണം നഷ്ടപ്പെടാൻ ഇടയാക്കിയെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. ജനകീയാസൂത്രണം 2017-18 ൽ ഫലവൃക്ഷത്തൈ വിതരണത്തിനെത്തിയ പ്ലാവിൻ തൈകൾ കൊണ്ടുവന്ന വണ്ടിയിലുണ്ടായ ഉലച്ചിൽ കാരണം അല്പം വാടിയിരുന്നതായും വാടിയ തൈകൾക്കു പകരം നല്ല തൈകൾ നൽകിയിട്ടുള്ളതാണെന്നും ജനകീയാസൂത്രണ വിതരണ രജിസ്റ്ററിൽ ചേർത്തു.
അതേ സമയം തൈകൾ വിതരണം ചെയ്തുവെന്ന് കൃഷി ഓഫീസർ വിശദീകരണം നൽകി. ഇതോടൊപ്പം തൈകൾ വിതരണം ചെയ്തിട്ടുള്ള 302 മുതൽ 780 വരെ ഗുണഭോക്താക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ മറ്റൊരു രജിസ്റ്ററിൻറെ സാക്ഷ്യപ്പെടുത്താത്ത പകർപ്പുകളും ഒടുവിൽ ഹാജരാക്കി.
ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് തകഴി കൃഷി ഭവനിൽ വീണ്ടും പരിശോധന നടത്തി. രജിസ്റ്റർ പൂർണായും പരിശോധിച്ചു. പുതിയ രജിസ്റ്റർ നിലവിൽ ഈ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്. പകർപ്പ് മേലധികാരിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ മുൻ പരിശോധനയിൽ ഇത്തരത്തിൽ ഒരു രജിസ്റ്റർ പരിശോധനക്ക് ഹാജരാക്കുകയോ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതായി അറിയിക്കുകയോ ചെയ്തിട്ടില്ല.
അതിനാൽ തൈകൾ എത്തിച്ച കൈക്കോ അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ടു. തകഴി കൃഷിഭവനിൽ വിതരണം ചെയ്ത തൈകൾക്കൊന്നും കേടുപാടുകൾ പറ്റിയിരുന്നില്ലായെന്നും പകരം തൈകൾ നൽകിയിട്ടല്ലായെന്നും കൈക്കോ അധികൃതൽ അറിയിച്ചു. 2018 നവംമ്പർ 29ലെ പരിശോധനയിൽ 479 പ്ലാവിൻ തൈകൾ ഉണങ്ങിയ നിലയിൽ ഗോഡൗണിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൃഷി ഓഫീസറുടെ വാദഗതികൾ അംഗീകരിക്കാവുന്നതല്ലെന്നാണ് റിപ്പോർട്ട്.
അതിനാൽ തകഴി ഗ്രാമപഞ്ചായത്തിൻറെ പച്ചക്കറി ഫലവൃക്ഷത്തൈ വിതരണം എന്ന പദ്ധതിയിൽ സർക്കാരിനുണ്ടായ ധനനഷ്ടം 35,925 രൂപ പദ്ധതി നിർവഹണത്തിൽ വീഴ്‌ച വരുത്തുകയും പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിൽ അലംഭാവം കാട്ടുകയും ചെയ്ത കൃഷി ഓഫീസർ എം.എസ്. സുജയുടെ ബാധ്യതയായി കണക്കാക്കണമെന്നാണ് റിപ്പോർട്ട്.
വിത്തുകളും വളങ്ങളും വിതരണം ചെയ്യാതെ ഗോഡൗണിൽ കിടന്നു നശിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനാ വിഭാഗം കൃഷിഭവനിലെ ഗോഡൗണിൽ പരിശോധന നടത്തിയിരുന്നു. സ്റ്റോക്ക് രജിസ്റ്റർ കൃത്യമായി എഴുതി സൂക്ഷിക്കാത്തതിനാൽ വിവിധയിനം വിത്തുകൾ, കാർഷിക ഉപകരണങ്ങൾ, മറ്റ് കാർഷിക സാമഗ്രികൾ എന്നിവയുടെ ക്രയവിക്രയം സംബന്ധിച്ച വിശദാംശങ്ങൾ ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.