പൂന്തുറ: ഇടനിലക്കാരനിലൂടെ വ്യാജ പാസ്പോര്‍ട്ട് തരപ്പെടുത്തിയ ക്രിമിനല്‍ കേസ് പ്രതിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിപ്ര പൗണ്ട്കടവ് വാര്‍ഡില്‍ വലിയവേളി ആശുപത്രിക്ക് സമീപം നിമ്മി കോട്ടേജില്നിന്ന് വെട്ടുകാട് മാധവപുരം കാട്ടുവിളാകം വീട്ടില്‍ താമസിക്കുന്ന സതീഷിനെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഇയാളെ ശംഖുമുഖം ബീച്ച് ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിലെ പ്രതി സായൂജി സതീഷിന് ഇടനിലക്കാരനിലൂടെ വ്യാജരേഖ ചമച്ച് പാസ്പോര്‍ട്ട് തരപ്പെടുത്താന്‍ കൂട്ടുനിന്ന പൂന്തുറ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പ്രവീണ്‍കുമാറിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ പൂന്തുറ പൊലീസും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
വ്യാജരേഖ ചമച്ച് പാസ്പോര്‍ട്ട് തരപ്പെടുത്തിക്കൊടുക്കുന്ന ഇടനിലക്കാരന് വര്‍ക്കല സ്വദേശി സുനില്‍കുമാര്‍ വഴിയാണ് സായൂജി സതീഷ് പാസ്പോര്‍ട്ട് തരപ്പെടുത്തിയതെന്നാണ് പൊലീസ് അറിയിച്ചത്. സുനില്‍കുമാറിനെ ദിവസങ്ങള്‍ക്ക് മുമ്പു തന്നെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാജരേഖ ചമച്ച് പാസ്പോര്‍ട്ട് സംഘടിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രവീണ്‍ നടത്തിയ പാസ്പോര്‍ട്ട് വെരിഫിക്കേഷനുകള്‍ പുനഃപരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം. 2023 ഡിസംബറില്‍ ആയിരുന്നു കേസിനിടയായ സംഭവം നടന്നത്. നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ വള്ളക്കടലിലെ വിലാസത്തില്‍ ആധാര്‍കാര്‍ഡ് നിർമിച്ചാണ് സായൂജിന്റെ പേരില്‍ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയത്.
തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫിസില്‍നിന്ന് വെരിഫിക്കേഷനുവേണ്ടി പൂന്തുറ പൊലീസ് സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. പാസ്പോര്‍ട്ട് വെരിഫിക്കേഷന് ഓഫിസറായിരുന്ന പ്രവീണ്‍ സ്ഥലത്തുപോയി വേണ്ടവിധം അന്വേഷണം നടത്താതെ കേസിലെ ഒന്നാം പ്രതിയും ഇടനിലക്കാരനുമായ സുനില്‍കുമാറിന്റെ കൈയില്‍നിന്ന് രൂപ കൈപ്പറ്റി പാസ്പോര്‍ട്ട് വെരിഫിക്കേഷന് ക്ലിയറന്‍സ് അയച്ച് നല്‍കുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
തുമ്പ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ പാസ്പോര്‍ട്ട് കേസില്‍ പിടിയിലായ സുനില്‍കുമാറില്‍നിന്നാണ് പൂന്തുറയിലും വ്യാജവിലാസത്തില്‍ പാസ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന വിവരം ഉന്നത പൊലീസ് അധികൃതര്‍ക്ക് ലഭിച്ചത്.
ഇതിനെതുടര്‍ന്ന് തുമ്പ സി.ഐ നല്കിയ റിപ്പോര്‍ട്ട് ഡി.സി.പി ഓഫിസില്‍നിന്ന് പൂന്തുറ പൊലീസിന് കൈമാറുകയായിരുന്നു. ഇതേ തുടര്‍ന്ന് പൂന്തുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സായൂജി സതീഷിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.