തലശ്ശേരി: കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും. കോഴിക്കോട് പന്തീരങ്കാവിലെ തിരുമംഗലത്ത് വീട്ടിൽ കെ. പ്രേമരാജനെ (64) യാണ് തലശ്ശേരി അഡീഷനൽ ജില്ല കോടതി (നാല്) ജഡ്ജി ജെ. വിമൽ ശിക്ഷിച്ചത്. മകളുടെ ഭർത്താവ് തലശ്ശേരി ചിറക്കര പഴയ പെട്രോൾ പമ്പിന് സമീപം ചന്ദ്രി വില്ലയിൽ കെ.കെ. സന്ദീപിനെ(27)യാണ് പ്രേമരാജൻ കുത്തിക്കൊലപ്പെടുത്തിയത്.
കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും വധശ്രമത്തിന് 10 വർഷം തടവിനും 50,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം തടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക കൊല്ലപ്പെട്ട സന്ദീപിന്റെ ഭാര്യയും പ്രതിയുടെ മകളുമായ നിനിഷക്ക് നൽകണം.
2017 മേയ് 14-ന് രാവിലെ ഒമ്പതിന് തലശ്ശേരിയിലെ സന്ദീപിന്റെ വീട്ടിന് സമീപം വെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. സന്ദീപിന് സാമ്പത്തിക ശേഷി കുറവാണെന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. സന്ദീപ് -നിനിഷ ദമ്പതികളുടെ കുഞ്ഞിന് സെറിബ്രൽ പൾസി അസുഖവുമുണ്ടായിരുന്നു. സന്ദീപിനെ കല്യാണം കഴിച്ചതുകൊണ്ടാണ് കുഞ്ഞ് അസുഖം ബാധിച്ചതെന്ന തോന്നലും കുടുംബവഴക്കിനിടയാക്കി. വീട്ടുകാരുമായുള്ള വഴക്കിനെ തുടർന്ന് സന്ദീപ് ഭാര്യയെ വീട്ടിൽ അയച്ചിരുന്നില്ല. തലശ്ശേരിയിൽ ചെരിപ്പു കടയിൽ ജോലി ചെയ്തിരുന്ന സന്ദീപ് പിന്നീട് എ.ടി.എമ്മിൽ പണം നിറക്കുന്ന ജോലിയിലായിരുന്നു. പ്രതി പ്രേമരാജ് കോഴിക്കോട്ട് ചുമട്ടുതൊഴിലാളിയാണ്.
സംഭവത്തിന്റെ തലേന്ന് പ്രേമരാജന്റെ ഭാര്യ സുജ സന്ദീപിന്റെ വീട്ടിലെത്തിയപ്പോൾ മകൾ നിനിഷയുമായി വഴക്കുണ്ടായിരുന്നു. ഇതേ തുടർന്ന് പ്രേമരാജനുമായി സന്ദീപ് ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ തമ്മിൽ അസ്വാരസ്യമുണ്ടായി. സംഭവ ദിവസം രാവിലെ ചിറക്കരയിലെ വീട്ടിലെത്തിയ പ്രേമരാജൻ സന്ദീപുമായി വഴക്കുണ്ടായി. തുടർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി 50മീറ്റർ അകലെ തലശ്ശേരി -വളവുപാറ റോഡിൽ എത്തിച്ച് കയ്യിൽ കരുതിയ കത്തി കൊണ്ടു വെട്ടുകയായിരുന്നു. ഒറ്റവെട്ടിനു നിലത്തു വീണ സന്ദീപിനെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഓട്ടോറിക്ഷയിൽ കയറ്റി ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിനേറ്റ കുത്താണ് മരണകാരണമായത്. ഒരു മാസം മുമ്പ് മലപ്പുറത്തുനിന്ന് വാങ്ങിയ കത്തി ഉപയോഗിച്ചാണ് കൊല നടത്തിയത്.
പ്രേമരാജൻ സഞ്ചരിക്കാനുപയോഗിച്ച ഇരുചക്ര വാഹനം സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ചിറക്കര ഗണേഷ് എൻജിനീയറിങ്ങിലെ മുൻ ജീവനക്കാരൻ രാജേന്ദ്രന്റെയും രഞ്ജിനിയുടെയും മകനാണ് മരിച്ച സന്ദീപ്. സംഭവം നടക്കുമ്പോൾ മകൾ വൈഗക്ക് മൂന്ന് വയസ്സായിരുന്നു. കേസിൽ 21 സാക്ഷികളെ വിസ്തരിച്ചു. തലശ്ശേരി സി.ഐമാരായിരുന്ന പ്രദീപൻ കണ്ണിപ്പായിൽ, കെ.ഇ. പ്രേമചന്ദ്രൻ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ. രേഷ്മ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.