കല്പറ്റ: മുണ്ടക്കൈ ഉരുള്‍ദുരന്ത പുനരധിവാസ പട്ടികയിൽ എസ്റ്റേറ്റ് പാടികളിൽ കഴിയുന്ന നിരവധി കുടുംബങ്ങളെ പരിഗണിച്ചില്ല. പുനരധിവാസത്തിന് അര്‍ഹരായവരുടെ രണ്ടാംഘട്ട ബി അന്തിമ പട്ടികയിൽ ഇടംപിടിക്കേണ്ട കുടുംബങ്ങളാണ് പുറത്തായത്. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിലായി തോട്ടംതൊഴിലാളികളും വാടകക്ക് താമസിക്കുന്നവരുമായ അമ്പതിലധികം കുടുംബങ്ങൾ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ് ഗുണഭോക്തൃ പട്ടികകളില്‍നിന്ന് പുറത്തായതായാണ് കണക്ക്. പുനരധിവാസത്തിനുള്ള മാനദണ്ഡം നിശ്ചയിച്ചിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പാടികള്‍ എന്ന് പരാമര്‍ശിച്ചിട്ടില്ലെന്ന സാങ്കേതിക കാരണം പറഞ്ഞാണ് ഈ കുടുംബങ്ങളെ ഒഴിവാക്കിയത്.
നോ ഗോ സോണില്‍ 50 മീറ്റര്‍ പരിധിയില്‍ പൂര്‍ണമായും ഒറ്റപ്പെട്ട വീടുകള്‍ എന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. അതോടെ എസ്റ്റേറ്റ് പാടികൾ ലിസ്റ്റിൽനിന്ന് പുറത്തായി. ഓരോ എസ്റ്റേറ്റ് പാടികളിലും മൂന്നും നാലും കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഇവർക്കെല്ലാം റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഉണ്ട്. പാടിയിലുള്ള കുടുംബങ്ങളെ കൂടി പുനരധിവാസ പദ്ധതിയുടെ ഭാഗമാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന കുടുംബങ്ങളാണ് നിലവില്‍ ദുരന്തഭൂമിയിലേക്ക് തിരികെ മടങ്ങേണ്ടിവരുമോ എന്ന ആശങ്കയില്‍ വാടക വീടുകളില്‍ കഴിയുന്നത്. ഇനി ഈ കുടുംബങ്ങള്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമാകണമെങ്കില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡത്തിൽ മാറ്റംവരുത്തണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.