തിരുവനന്തപുരം: തേനും വയമ്പും നൽകി മലയാള ചലച്ചിത്ര ഗാനശാഖയെ ഊട്ടിയുറക്കിയ ഗാനരചയിതാവ് ബിച്ചു തിരുമല (ബി. ശിവശങ്കരൻ നായർ-80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചയായിരുന്നു അന്ത്യം. മൃതദേഹം തിരുമല വേട്ടമുക്ക് കുറ്റിച്ചൽ റോഡിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം വെള്ളിയാഴ്ച വൈകീട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. ഈണമൂറും വരികളിൽ പാട്ടുനൂലിഴ കോർത്ത കവിക്ക് സിനിമ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.
സി.ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മകനായി 1941 ഫെബ്രുവരി 13നാണ് ജനനം. മുത്തച്ഛൻ ഗോപാലപിള്ള സ്നേഹത്തോടെ ഇട്ട വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ ബിച്ചു തിരുമലയായി. പഠനത്തിനുശേഷം വാട്ടർ മീറ്റർ മാനുഫാക്ചറിങ് കമ്പനിയിൽ ഉദ്യോഗസ്ഥനായ അദ്ദേഹം യാദൃച്ഛികമായാണ് ചലച്ചിത്ര സംഗീതത്തിലേക്ക് കടന്നുവന്നത്.
സിനിമ കമ്പം കയറി ജോലി രാജിവെച്ച് മദ്രാസിലെത്തിയ ബിച്ചു, 1970ൽ എം. കൃഷ്ണന്‍നായർ സംവിധാനം ചെയ്ത 'ശബരിമല ശ്രീ ധർമശാസ്താ' എന്ന ചിത്രത്തിൽ സഹസംവിധായകനായി. അക്കാലത്ത് 'സിനിരമ' വാരികയിൽ എഴുതിയ കവിത 'ഭജഗോവിന്ദം' സിനിമക്കുവേണ്ടി ഉപയോഗിച്ചു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും 'ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നീ പല്ലവി പാടിയ നേരം...' എന്ന യേശുദാസ് പാടിയ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. നടൻ മധു സംവിധാനം ചെയ്ത 'അക്കൽദാമ' ബിച്ചു എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്.
തുടർന്ന്, അയ്യായിരത്തോളം ഗാനങ്ങൾ മലയാളികൾക്ക് മൂളി നടക്കാനായി ബിച്ചുവിെൻറ തൂലികയിൽനിന്ന് പിറന്നു. 1981ലും (തൃഷ്ണ,- 'ശ്രുതിയിൽനിന്നുയരും..', തേനും വയമ്പും- 'ഒറ്റക്കമ്പി നാദം മാത്രം മൂളും..' ), 1991ലും (കടിഞ്ഞൂൽ കല്യാണം- 'പുലരി വിരിയും മുമ്പേ...', 'മനസ്സിൽ നിന്ന് മനസ്സിലേക്കൊരു മൗന സഞ്ചാരം...'). മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1985ൽ പുറത്തിറങ്ങിയ 'സത്യം' എന്ന സിനിമയിലൂടെ സംഗീത സംവിധായകനായി. 'ശക്തി' സിനിമയുടെ കഥയും സംഭാഷണവും, 'ഇഷ്ടപ്രാണേശ്വരി' യുടെ തിരക്കഥയും രചിച്ചു. ജല അതോറിട്ടി റിട്ട. ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകൻ: സുമൻ ശങ്കർ ബിച്ചു (സംഗീത സംവിധായകൻ). ഗായിക സുശീലാ ദേവി, പി. വിജയകുമാർ, ഡോ. ചന്ദ്ര, പി. ശ്യാമ, ദർശൻ രാമൻ, ജയലക്ഷ്മി, പരേതനായ ബാലഗോപാലൻ എന്നിവരാണ് സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.