പത്തനംതിട്ട: അരനൂറ്റാണ്ടിലേറെ മലമുകളിൽ മഞ്ഞുപാളികൾക്കിടയിൽ കാണാമറയത്തായിരുന്ന യുവസൈനികന് ജന്മനാട്ടിൽ അന്ത്യനിദ്ര. സൈന്യത്തിന്റെ സമാനതകളില്ലാത്ത തിരച്ചിലിനിടയിൽ കണ്ടെത്തിയ തോമസ് ചെറിയാന്റെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ മാതാപിതാക്കളും ജ്യേഷ്ഠസഹോദരനും അന്ത്യവിശ്രമം കൊള്ളുന്ന ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിച്ചു. പൂർണ സൈനിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങിൽ പ്രിയപ്പെട്ടവന് സ്നേഹാദരമർപ്പിക്കാൻ നാടാകെ ഒഴുകിയെത്തി. സെമിത്തേരിയിൽനിന്ന് മാറി പള്ളിയോട് ചേർന്ന് പ്രത്യേകം തയാറാക്കിയ കല്ലറയിലാണ് സൈനിക ചരിത്രത്തിലും ഇടം നേടിയ തോമസ് ചെറിയാന്റെ അന്ത്യവിശ്രമം. ദുഃഖം തളം കെട്ടിയ അന്തരീക്ഷത്തിൽ വികാരനിർഭരമായിരുന്നു സൈനിക ബഹുമതിയോടെയുള്ള സംസ്കാര ചടങ്ങുകൾ. 56 വർഷം മുമ്പ് 1968 ഫെബ്രുവരി ഏഴിന് ഹിമാചല്‍പ്രദേശില്‍ രോഹ്താങ് പാസില്‍ വിമാനാപകടത്തിലായിരുന്നു തോമസ് ചെറിയാന്റെ മരണം. സൈന്യത്തിൽ പരിശീലനം പൂർത്തിയാക്കി ആദ്യനിയമനം നേടിയ ലേ ലഡാക്കിലേക്ക് സഹപ്രവർത്തകർക്കൊപ്പം പോകുമ്പോൾ 22ാം വയസ്സിലായിരുന്നു ദുരന്തം. 102 പേർ സഞ്ചരിച്ച വിമാനമാണ് കാണാതായത്. ഒമ്പതുപേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്.
2 മദ്രാസ് റെജിമെന്റിലെ കമാൻഡിങ് ഓഫിസർ കേണൽ എ.കെ. സിങ്ങിന്റെ നേതൃത്വത്തിലെ അറുപതംഗസംഘമാണ് സഹപ്രവർത്തകന്റെ അന്ത്യയാത്രാ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ചണ്ഡിഗഢിൽനിന്ന് മേജർ പങ്കജ്, സുബേദാർ മേജർ ജയപ്രകാശ് എന്നിവരാണ് മൃതദേഹത്തെ അനുഗമിച്ചത്. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽനിന്നും വെള്ളിയാഴ്ച രാവിലെ 10ഓടെ പ്രത്യേകം അലങ്കരിച്ച വാഹനത്തിൽ ഭൗതിക ദേഹം ഇലന്തൂരിൽ എത്തിച്ചു. മാർക്കറ്റ് ജങ്ഷനിൽനിന്ന് വിലാപയാത്രയായാണ് ഭഗവതിക്കുന്നിലെ തോമസ് ചെറിയാന്റെ ജ്യേഷ്ഠ സഹോദരന്റെ മകൻ ഷൈജു കെ. മാത്യുവിന്റെ വീട്ടിലേക്ക് കൊണ്ടുവന്നത്. തുടർന്ന് ഇവിടെ പൊതുദർശനത്തിന് വെച്ചു. അന്തിമോപചാരമർപ്പിക്കാൻ മത, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് എത്തിച്ചേർന്നത്.
പൊതുദർശനത്തിനുശേഷം 12.40ഓടെ വിലാപയാത്രയായി മൃതദേഹം കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളിയിലെത്തിച്ചു. ഇവിടെ സംസ്കാര ശുശ്രൂഷകൾക്ക് കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിക്കും വേണ്ടി മന്ത്രി വീണ ജോര്‍ജ് പുഷ്പചക്രം സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ സന്ദേശം ആന്റോ ആന്റണി എം.പി വായിച്ചു. ജില്ല ഭരണകൂടത്തിനായി ജില്ല കലക്ടര്‍ എസ്. പ്രേംകൃഷ്ണൻ, ജില്ല പൊലീസ് മേധാവി വിനോദ്കുമാർ എന്നിവരും മറ്റ് നിരവധി രാഷ്ടീയ, സാമൂഹിക, സാംസ്കാരിക സംഘടനാ നേതാക്കളും പുഷ്പചക്രം അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.