മുണ്ടക്കൈ (വയനാട്): ഉരുൾദുരന്തം നടന്ന് ആറുമാസം പിന്നിട്ടിട്ടും മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തെയും വൈദ്യുതിബന്ധം കെ.എസ്.ഇ.ബി പുനഃസ്ഥാപിച്ചില്ല. ഇതോടെ ഉരുൾപൊട്ടലിൽ ബാക്കിയായ കൃഷിയിടങ്ങൾ സംരക്ഷിക്കാനാകാതെ അതിജീവിതർ കഷ്ടപ്പാടിൽ. കഴിഞ്ഞ ജൂലൈ 30നുണ്ടായ ദുരന്തത്തിൽ കെ.എസ്.ഇ.ബിക്ക് മൂന്നുകോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഹൈടെന്‍ഷന്‍ ലൈനുകളും ട്രാൻസ്ഫോർമറുകളുമെല്ലാം തകർന്നു.
മേപ്പാടി സെക്ഷന്‍ കീഴിലെ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലായി 385 ഗാര്‍ഹിക കണക്ഷനുകളും 70 സ്ഥാപനങ്ങളുടെ കണക്ഷനുകളുമാണുണ്ടായിരുന്നത്. ഇവ പൂർണമായി തകര്‍ന്നിരുന്നു. ഒരുദിവസത്തിന് ശേഷം തന്നെ ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് മുതൽ ചൂരൽമല ടൗൺ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. എന്നാൽ മുണ്ടക്കൈയിലും ഉരുൾപൊട്ടൽ പ്രഭവസ്ഥാനമായ പുഞ്ചിരിമട്ടത്തും ഇതുവരെ വൈദ്യുതി എത്തിക്കാനായിട്ടില്ല.
പുഞ്ചിരിമട്ടം വനറാണി എസ്റ്റേറ്റിന്റെ മുകളിലേക്കും മുണ്ടക്കൈ ജുമാമസ്ജിദിന്റെ മുകൾഭാഗത്തുനിന്ന് ഹാരിസൺസ് ഭൂമി വരെയുള്ള ഭാഗത്തും 150ഓളം ഏക്കർ കൃഷിഭൂമി നശിച്ചിട്ടില്ല. ഏലം, കാപ്പി, കുരുമുളക് കൃഷികളാണുള്ളത്. ദുരന്തത്തിൽ സർവതും നശിച്ച് ഉപജീവനമാർഗം ഇല്ലാതായവരുടെ പ്രതീക്ഷ ഈ കൃഷികളിലായിരുന്നു. വേനലായതോടെ ഏലത്തിന് നല്ല വെള്ളം നനക്കൽ ആവശ്യമാണ്.
ഏപ്രിൽ വരെ മതിയായ അളവിൽ വെള്ളമൊഴിച്ച് വളം കൊടുത്താലേ വേനൽചൂടിനെ അതിജീവിച്ച് മേയ് മാസത്തോടെ കായ്ക്കുകയും ജൂണിൽ വിളവെടുപ്പ് നടത്താനും കഴിയൂ. നിലവിൽ കിലോക്ക് 3200 രൂപ വരെ വിലയുണ്ട്. കുരുമുളക് ജലസേചനത്തിനുമുള്ള സമയമാണിപ്പോൾ. എന്നാൽ വൈദ്യുതി ഇല്ലാത്തതിനാൽ കൃഷികൾ നശിക്കുന്ന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.