കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അറുപതോളം പുതിയ കേസുകൾ ക്രൈംബ്രാഞ്ച് തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തു. 168 കേസുകളിൽ നൂറോളമെണ്ണത്തിൽ കുറ്റപത്രം നൽകുകയും ബാക്കിയിൽ സമർപ്പിക്കാനിരിക്കെയുമാണ് പുതിയ കേസുകൾ ഉടലെടുത്തത്. ഇവ കൂടി അന്വേഷണ സംഘത്തിനുമുന്നിൽ വരുന്നതോടെ ഫാഷൻ ഗോൾഡ് കേസ് അനന്തമായി നീളുകയാണ്. ഡിസംബർ 31ഓടെ ഫാഷൻ ഗോൾഡ് കേസിൽ മുഴുവൻ കുറ്റപത്രവും സമർപ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങിയത്. അതിനിടെയാണ് പുതിയ പരാതികൾ.
ഫാഷൻ ഗോൾഡ് തട്ടിപ്പ് പുറത്തുവന്നതിന്റെ ആദ്യഘട്ടങ്ങളിൽ കമ്പനി ചെയർമാൻ മുൻ എം.എൽ.എ എം.സി. ഖമറുദ്ദീൻ, ജനറൽ മാനേജർ പൂക്കോയ തങ്ങൾ എന്നിവരുമായി സംസാരിച്ച് ഒത്തുതീർപ്പിലെത്തി, കേസിൽനിന്ന് പിന്മാറിയവരാണ് ഇപ്പോഴത്തെ പരാതിക്കാർ എന്ന് പറയുന്നു. ഒത്തുതീർപ്പ് വ്യവസ്ഥ പാലിക്കാത്തതിനെ തുടർന്നാണ് പരാതിയുമായി രംഗത്തുവന്നതെന്നാണ് അറിയുന്നത്. കേസിൽ ഫാഷൻ ഗോൾഡ് സ്വത്തുക്കൾ പരാതിക്കാരായ നിക്ഷേപകർക്ക് നഷ്ടപരിഹാരമായി നൽകുന്നതിന്റെ ഭാഗമായി കണ്ണൂർ കലക്ടർ കണ്ടുകെട്ടിയിരുന്നു. ഇത് വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവ് കാത്തിരിക്കെയാണ് പുതിയ പരാതികൾ ഉയർന്നത്. കലക്ടർ കണ്ടുകെട്ടിയ സ്വത്തുക്കൾ പരാതിക്കാർക്ക് നൽകാനുള്ള ഉത്തരവ് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. അതാണ് തീരുമാനം വൈകാൻ കാരണം.
സംസ്ഥാനത്തെ കേസന്വേഷണ ചരിത്രത്തിൽ ഇത്രയും കുറ്റപത്രം ഒരുക്കേണ്ടിവരുന്നത് ആദ്യമായാണ്. 168 കേസുകളുടെ കുറ്റപത്രത്തിന് ഒന്നര ലക്ഷം പേജുകൾ വരും. 60 പുതിയ കേസുകൾ വന്നതോടെ അത് വർധിക്കും. ഒരു കുറ്റപത്രത്തിന് 1100 പേജുണ്ട്. ഒമ്പതുമുതൽ 12 വരെ പ്രതികളാണ് എല്ലാ കേസുകളിലുമുള്ളത്. മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ, മുഹമ്മദ് ഇഷാം, മാനേജർ സൈനുദ്ദീൻ എന്നിവർ എല്ലാ കേസുകളിലും പ്രതികളാണ്. 17 ഡയറക്ടർമാരും പ്രതികളാണ്.
ചെറുവത്തൂർ ഫാഷൻ ഗോൾഡ് ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ്, കണ്ണൂരിലും കോഴിക്കോടുമുള്ള ഖമർ, നുജൂം, ഫാഷൻ ഓർണമെന്റ്സ് എന്നീ കമ്പനികളാണ് മാറിമാറി പ്രതിപ്പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 200 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പാണിത്. ചന്തേര പൊലീസ് രജിസ്റ്റർചെയ്ത ആദ്യ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം എം.എൽ.എയായിരിക്കെ എം.സി. ഖമറുദ്ദീനെ 2020 നവംബർ ഏഴിന് അറസ്റ്റ് ചെയ്തതോടെയാണ് കേസ് ചുരുളഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.