കെ.​എ​സ്.​ആ​ർ.​ടി.​സി കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ൽ മ​ക​ളു​ടെ മു​ന്നി​ലി​ട്ട്​ പി​താ​വി​നെ മ​ർ​ദി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ

മകളുടെ മുന്നിൽ പിതാവിന്​ ക്രൂരമർദനം; കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നടന്നത്

കാട്ടാക്കട/തിരുവനന്തപുരം: മകളുടെ ബസ് കണ്‍സഷന്‍ കാർഡ് പുതുക്കാനെത്തിയ പിതാവിനെ കെ.എസ്.ആര്‍.ടി.സി സെക്യൂരിറ്റി ജീവനക്കാരടക്കം സംഘം ചേർന്ന് ക്രൂരമായി മർദിച്ചു. ചൊവ്വാഴ്ച രാവിലെ 11.30ഓടെ കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോയിലാണ് മകളുടെ മുന്നിൽ പിതാവിനെ ജീവനക്കാർ കൈയേറ്റം ചെയ്തത്. സംഭവം വിവാദമായതോടെ ആര്യനാട് യൂനിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്‍റ് സി.പി. മിലൻ ഡോറിച്ച് എന്നിവരെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തു.

ഗതാഗതമന്ത്രി ആന്‍റണി രാജു സി.എം.ഡിയിൽനിന്ന് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. ജീവനക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കാൻ ഗതാഗതമന്ത്രി സി.എം.ഡിക്ക് നിർദേശം നൽകി. അഞ്ച് ജീവനക്കാർക്കെതിരെ പൊലീസും കേസെടുത്തു. മര്‍ദനമേറ്റ ഗ്രാമപഞ്ചായത്ത് ജീവനക്കാരന്‍ കാട്ടാക്കട ആമച്ചല്‍ ഗ്രീരേഷ്മ വീട്ടില്‍ പ്രേമനന്‍ (53) കാട്ടാക്കട സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് പ്രേമനനും മകള്‍ മലയിൻകീഴ് മാധവകവി ഗവ. കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥി രേഷ്മയും കാട്ടാക്കട ഡിപ്പോയില്‍ കണ്‍സഷൻ കാർഡ് പുതുക്കാനെത്തിയത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ കൗണ്ടറിലെത്തിയപ്പോൾ കണ്‍സഷന്‍ ടിക്കറ്റ് ലഭിക്കണമെങ്കില്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായി ജീവനക്കാർ. മൂന്ന് മാസം മുമ്പ് കോഴ്സ് സർട്ടിഫിക്കറ്റ് നല്‍കിയാണ് കണ്‍സഷന്‍ എടുത്തതെന്നും ആവശ്യമെങ്കില്‍ അടുത്ത പ്രാവശ്യമോ അടുത്തദിവസമോ വീണ്ടും നല്‍കാമെന്നും പ്രേമനൻ പറഞ്ഞെങ്കിലും ജീവനക്കാർ അംഗീകരിച്ചില്ല.

'ഇത്തരം ജീവനക്കാരാണ് കെ.എസ്.ആർ.ടി.സിയുടെ ശാപം' എന്ന് പ്രേമനൻ പറഞ്ഞതിൽ പ്രകോപിതനായ ജീവനക്കാരൻ സുരക്ഷ ഉദ്യോഗസ്ഥനെ വിളിച്ചു. ഉദ്യോഗസ്ഥനെത്തി പ്രേമനനെയും മകളെയും കൗണ്ടറിൽനിന്ന് തള്ളിമാറ്റാൻ ശ്രമിച്ചു. വഴങ്ങാതെ പ്രതിഷേധിച്ചപ്പോൾ കൂടുതൽ ജീവനക്കാരെത്തി ഇരുവരെയും കൈയേറ്റം ചെയ്തതായും അടുത്തുള്ള മുറിക്കുള്ളിൽ തള്ളിക്കയറ്റി മർദിച്ചതായും പ്രേമനൻ പറയുന്നു. മകൾ പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചതിനെ തുടർന്നാണ് ഇവർക്ക് ആശുപത്രിയിലേക്ക് പോകാനായത്. സംഭവത്തിനുശേഷം കോളജിൽ ബിരുദ പരീക്ഷക്ക് എത്തിയെങ്കിലും നന്നായി എഴുതാൻ കഴിഞ്ഞില്ലെന്ന് രേഷ്മ പറഞ്ഞു.

കാട്ടാക്കട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. എന്നാൽ, പിതാവിനെയും മകളെയും ജീവനക്കാർ മർദിച്ചിട്ടില്ലെന്നും കൗണ്ടറിന് മുന്നിൽനിന്ന് മാറ്റുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് ഡിപ്പോ അധികൃതർ ആദ്യം പ്രതികരിച്ചത്. ഗതാഗതമന്ത്രിയുടെ ഇടപെടലിനെതുടർന്ന് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം ഡിപ്പോയിലെത്തി അന്വേഷണം നടത്തി വൈകുന്നേരത്തോടെ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

ഇടപെട്ട് ഹൈകോടതി

കൊച്ചി: കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ മകളുടെ മുന്നിൽ പിതാവിനെ മർദിച്ച സംഭവത്തിൽ ഹൈകോടതി ഇടപെടൽ. വാർത്തയറിഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈകോടതിയിലെ കെ.എസ്.ആർ.ടി.സി അഭിഭാഷകനോട് വിശദീകരണം തേടി.

ഇക്കാര്യം അന്വേഷിക്കുന്നതായും മന്ത്രി ഇടപെട്ട് റിപ്പോർട്ട് തേടിയിട്ടുള്ളതായും അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് മാനേജിങ് ഡയറക്ടർ അടിയന്തര റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു. ചൊവ്വാഴ്ചതന്നെ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശം.

Tags:    
News Summary - Father brutally beaten in front of daughter; Held at KSRTC stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.