ആലുവ: പിതാവ് പുഴയിലേക്കെറിഞ്ഞ മക്കളും പിന്നാലെ പുഴയിൽ ചാടിയ പിതാവും മരിച്ചു. പെരിയാറിൽ ആലുവ മണപ്പുറം പാലത്തിൽ ശനിയാഴ്ച വൈകീട്ട് 4.30നാണ് സംഭവം. പാലാരിവട്ടം കളവത്ത് റോഡ് തുരാട്ടുപറമ്പ് വീട്ടിൽ ഉല്ലാസ് ഹരിഹരൻ (ബേബി -52), മക്കളായ കൃഷ്ണപ്രിയ (17), മേഘനാഥ് (13) എന്നിവരാണ് മരിച്ചത്.
മക്കളെ ബലം പ്രയോഗിച്ച് പുഴയിലേക്ക് എറിയുകയായിരുന്നു. ആദ്യം മേഘനാഥിനെയാണ് എറിഞ്ഞത്. പിന്നാലെ കൃഷ്ണപ്രിയയെ എറിയാൻ തുനിഞ്ഞപ്പോൾ കുട്ടി കരഞ്ഞു.
ഇത് ശ്രദ്ധയിൽപെട്ട കടത്തുകടവ് ഭാഗത്തുണ്ടായിരുന്ന തായിക്കാട്ടുകര സ്വദേശി അഖിലും അശോകപുരം സ്വദേശി ആൻറണിയും ഓടിയെത്തിയപ്പോഴേക്കും കൃഷ്ണപ്രിയയെയും പുഴയിലെറിഞ്ഞ് ഉല്ലാസും ചാടുകയായിരുന്നു. ഒഴുക്കിൽപെട്ട് മുങ്ങിത്താഴ്ന്ന ആൺകുട്ടിയെ അവിടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
പിന്നാലെ ശ്രീകൃഷ്ണ ക്ഷേത്രക്കടവിൽനിന്ന് പെൺകുട്ടിയെ നാട്ടുകാർ കരക്ക് കയറ്റിയെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും ഉളിയന്നൂരിൽ സ്‌കൂബ ടീമും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തി സന്ധ്യക്ക് ആറരക്ക് ഉല്ലാസിന്‍റെ മൃതദേഹവും കണ്ടെടുത്തു.
മരപ്പണിക്കാരനാണ് ഉല്ലാസ്. ഭാര്യ രാജി (സെസ് ജീവനക്കാരി). കൃഷ്ണപ്രിയ പ്ലസ് ടു വിദ്യാർഥിനിയും മേഘനാഥ് ഏഴാം ക്ലാസ് വിദ്യാർഥിയുമാണ്.
ഉച്ചക്ക് ഇടപ്പള്ളി പള്ളിയിൽ പോകുന്നു എന്നു പറഞ്ഞാണ് കുട്ടികളുമായി ഉല്ലാസ് വീട്ടിൽനിന്നിറങ്ങിയതെന്ന് രാജി പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാൽ, ഈ കൃത്യത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.