തൃപ്പൂണിത്തുറ: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മിഹിർ അഹമ്മദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി പിതാവ് തിരൂർ സ്വദേശി ഷെഫീഖ് മാടമ്പാട്ട് രംഗത്ത്. ഖത്തറിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഹിൽപാലസ് പൊലീസിൽ ജനുവരി 21ന് നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.
ജനുവരി 15ന് വൈകീട്ട് മൂന്നിന് സന്തോഷവാനായി സ്കൂളിൽനിന്ന് അപ്പാർട്മെന്റിൽ എത്തിയ മിഹിർ ഏകദേശം അര മണിക്കൂർ കഴിഞ്ഞ് ഒരു പ്രകോപനവുമില്ലാതെ ജീവൻ അവസാനിപ്പിച്ചു എന്നു പറയുന്നത് സംശയത്തിനിടയാക്കുന്നു.
സഹപാഠികളുമായി കശപിശ ഉണ്ടായി എന്നും അത് ചോദ്യം ചെയ്ത മനോവിഷമത്തിൽ ജീവനൊടുക്കിയെന്നും വിശ്വസിക്കാൻ പ്രയാസമാണ്. മിഹിർ സന്തോഷവാനും മാനസികമായി കരുത്തുള്ളവനുമായിരുന്നു. സ്കൂളിൽനിന്ന് എത്തിയതിനു ശേഷവും മരിക്കുന്നതിനും ഇടയിൽ എന്താണ് അവിടെ സംഭവിച്ചതെന്നും ഈ സമയം ആരെല്ലാം അപ്പാർട്മെന്റിൽ ഉണ്ടായിരുന്നുവെന്നതും വ്യക്തമല്ല.
ഇത് വിശദമായി അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. ഫോണിലൂടെയും കമ്പ്യൂട്ടർ ചാറ്റിങ്ങിലൂടെയും താനുമായി സ്ഥിരമായി ആശയവിനിമയം നടത്താറുള്ള മകന് ഏതെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി ഒരിക്കലും പറഞ്ഞിരുന്നില്ല. മിഹിറിന് അപകടം സംഭവിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറയിലെത്തിയ തന്നോട് മകൻ ചോയ്സ് പാരഡൈസ് കെട്ടിടത്തിന്റെ 26-ാം നിലയിൽ നിന്ന് വൈകീട്ട് 3.30 ഓടെ താഴേക്ക് ചാടി ജീവൻ അവസാനിപ്പിച്ചതായി അറിയിച്ചതായും നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കല്പറ്റ മുട്ടിൽ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തിയതായും പരാതിയിൽ പറയുന്നു.
അപകട വിവരമറിഞ്ഞേപ്പോൾ തന്നെ ഷഫീഖ് തൃപ്പൂണിത്തുറയിലേക്ക് തിരിക്കുകയായിരുന്നു. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിലും പോയി. അവിടെ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം ഷഫീഖിന്റെ നേതൃത്വത്തിലാണ് മിഹിറിന്റെ മൃതദേഹം ഏറ്റുവാങ്ങിയതും കൽപ്പറ്റയിൽ എത്തിച്ച് ഖബറടക്കം നടത്തിയതും തുടർ നടപടികളെല്ലാം പൂർത്തിയാക്കിയതും. തുടർന്ന് മൂന്ന് ദിവസത്തോളം അവിടെ തങ്ങിയ ശേഷമാണ് ഷഫീഖ് മടങ്ങിയത്. മാതാവ് റജ്നക്കും രണ്ടാനച്ഛൻ സലീമിനും ഒപ്പം തൃപ്പൂണിത്തുറയിലെ ചോയ്സ് പാരൈഡസ് എന്ന അപ്പാർട്മെൻറിലാണ് മിഹിർ താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.