ഫാത്തിമ ലത്തീഫിന്‍റെ മരണം: പിതാവ് സി.ബി.ഐ ഓഫിസിലെത്തി മൊഴി നൽകി

കൊല്ലം: ചെന്നൈ ഐ.ഐ.ടി വിദ്യാർഥിനി കൊല്ലം കിളികൊല്ലൂർ കിലോൻ തറയിൽ ഫാത്തിമ ലത്തീഫിെൻറ ദുരൂഹമരണത്തിൽ പിതാവ് അബ്​ദുൽ ലത്തീഫ് കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിെൻറ ചെന്നൈയിലെ ഓഫിസിലെത്തി മൊഴി നൽകി. മരണവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും ഫാത്തിമ പറഞ്ഞിട്ടുള്ള കോളജിലെ ദുരനുഭവങ്ങളും സി.ബി.ഐ സംഘത്തോട് പിതാവ് വെളിപ്പെടുത്തി.

തമിഴ്നാട് ന്യൂനപക്ഷ കമീഷൻ ചെയർമാൻ പീറ്റർ അൽഫോൺസ്, വഖഫ് ബോർഡ് ചെയർമാൻ അബ്​ദുൽ റഹിം എന്നിവർക്കും അന്വേഷണം കാര്യക്ഷമമാക്കാനുള്ള ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകി. ബുധനാഴ്ച രാവിലെ 10ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്​റ്റാലിനെ നേരിൽ കണ്ട് സി.ബി.ഐ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിലെ ആശങ്ക അറിയിക്കും. മുൻ കൊല്ലം മേയർ വി. രാജേന്ദ്രബാബു, ഹൈകോടതി അഭിഭാഷകൻ മുഹമ്മദ് ഷാ എന്നിവരും സി.ബി.ഐക്ക് മൊഴി നൽകി.

2019 നവംബർ ഒമ്പതിനാണ് ഹ്യുമാനിറ്റീസ് ഇൻറഗ്രേറ്റഡ് എം.എ ഒന്നാം വർഷ വിദ്യാർഥിനി ഫാത്തിമ ലത്തീഫിനെ ഹോസ്​റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇ​േൻറണൽ പരീക്ഷയിൽ മാർക്ക്‌ കുറഞ്ഞതിനെ തുടർന്ന്​ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ഫാത്തിമ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിൽ ആത്മഹത്യ സന്ദേശം കണ്ടെത്തിയതോടെയാണ്​ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ബലപ്പെട്ടത്.

അധ്യാപകർ അടക്കമുള്ളവർ സംശയ നിഴലിലായി. ചെന്നൈ കോട്ടൂർപുരം പൊലീസ് സ്​റ്റേഷനിലാണ് കേസ് രജിസ്​റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പിന്നീട്, ചെന്നൈ സിറ്റി പൊലീസിലെ സെൻട്രൽ ക്രൈം ബ്രാഞ്ചിന്​ അന്വേഷണം കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരം കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. രണ്ടു വർഷം സി.ബി.ഐ അന്വേഷണം നടത്തിയിട്ടും ദുരൂഹത നീക്കാനായില്ല. ഒരുവർഷം മുമ്പ്​ സി.ബി.ഐ സംഘം ഫാത്തിമയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. 

Tags:    
News Summary - Fathima Latheef's death: Father goes to CBI office to testify

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.