ഫത്ഹുല്ല മുത്ത് കോയ തങ്ങൾ
കൊച്ചി: ലക്ഷദ്വീപിലെ അമിനി ദ്വീപ് ഖാദിയും സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവുമായിരുന്ന ഫത്ഹുല്ല മുത്ത് കോയ തങ്ങൾ (83) അന്തരിച്ചു. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ ഒമ്പതിനായിരുന്നു അന്ത്യം. ലക്ഷദ്വീപിന്റെ ആത്മീയ നേതൃത്വത്തിലെ പ്രമുഖ വ്യക്തിത്വമായിരുന്നു.
1942 ആഗസ്റ്റ് 17ന് അമിനി ദ്വീപിൽ പാട്ടകൽ അബൂസ്വാലിഹ് കുഞ്ഞിക്കോയ തങ്ങളുടെയും പാത്തുമ്മാതാട ഹലീമാബീവിയുടെയും മകനായാണ് ജനനം. അമിനി ദ്വീപിലെ ഗവ. സ്കൂളിലും ശേഷം കേരളത്തിലെയും കർണാടകയിലെയും വിവിധ ദർസുകളിലും പഠനം നടത്തി. പട്ടിക്കാട് ജാമിഅഃ നൂരിയ അറബിക് കോളജിൽനിന്ന് ഫൈസി പഠനം പൂർത്തിയാക്കി.
താഴെക്കോട് കുഞ്ഞലവി മുസ്ലിയാർ, ഇ.കെ. അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ എന്നിവരുടെ ശിഷ്യനായിരുന്നു. കേരളം, ലക്ഷദ്വീപ് എന്നിവക്ക് പുറമെ ശ്രീലങ്കയിലെ കൊളംബോ കേന്ദ്രമാക്കിയും ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. 55 വർഷമായി ഖാദിയായി തുടരുന്ന ഫത്ഹുല്ല തങ്ങൾ അമിനി മഅദനുൽ ഇസ്ലാം മദ്റസ പ്രസിഡൻറ്, സിദ്ധീഖ് മൗല അറബിക് കോളജ് ജനറൽ സെക്രട്ടറി എന്നി നിലകളിലും പ്രവർത്തിക്കുന്നു.
പരേതയായ അമിനി പാട്ടകൽ മുത്തിബിയാണ് ഭാര്യ. മക്കൾ: അബൂസ്വാലിഹ് തങ്ങൾ, ശിഹാബുദ്ദീൻ തങ്ങൾ, ഖദീജ, ഹാജറാബി, ഹമീദത്ത്ബി, ഹഫ്സ, സഫിയ്യാബി, സുമയ്യ, സത്തി ഫഇസ, പരേതനായ മുഹമ്മദ് ഖാസിം തങ്ങൾ. മരുമക്കൾ: ചെറിയ കോയ തങ്ങൾ, സെയ്ദ് കോയ, യാകൂബ് മാസ്റ്റർ, മുഹമ്മദ് ഹസൻ, മുഹമ്മദ് സയീദ്, മുഹമ്മദ് ഹിഷാം, സയ്യിദ് ഷിഹാബുദീൻ.
പൊതുദർശനത്തിനുശേഷം കൊണ്ടോട്ടി മുണ്ടക്കുളം ശംസുൽഉലമ സ്മാരക ജാമിഅഃ ജലാലിയ കാമ്പസിൽ ഖബറടക്കം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.