കൊച്ചി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്ന് സംവിധായകൻ ലിജു കൃഷ്ണയുടെ അംഗത്വം റദ്ദ് ചെയ്തതായി ഫെഫ്ക. പടവെട്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട് ലിജു എടുത്ത താത്കാലിക അംഗത്വം റദ്ദ് ചെയ്തതായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കറും സെക്രട്ടറി ജി.എസ്. വിജയനും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
'ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്ന പടവെട്ട് എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണക്കെതിരെ ഉണ്ടായ ലൈംഗിക പീഡനക്കേസിൽ ഫെഫ്ക അതിജീവിതയോടൊപ്പം ഉറച്ചു നിൽക്കുന്നു. പ്രസ്തുത സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണ എടുത്ത താത്ക്കാലിക അംഗത്വം റദ്ദ് ചെയ്തതായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ഇതിനാൽ അറിയിക്കുന്നു.' പ്രസ്താവനയിൽ ഫെഫ്ക പറയുന്നു.
അതേസമയം, യുവതിക്ക് പിന്തുണയുമായി സിനിമയിലെ വനിത പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിയും രംഗത്തെത്തി. മലയാളം സിനിമാ നിര്‍മ്മാണങ്ങളില്‍ പോഷ് നിയമം ഉടനടി നടപ്പാക്കണമെന്നും ഇന്ഡസ്ട്രിയിലുടനീളമുള്ള ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറന്‍സ് നയം സ്വീകരിക്കണമെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു. കേസ് തീർപ്പാകുന്നതുവരെ ലിജുവിനെ സിനിമ മേഖലയിൽ വിലക്കേർപ്പെടുത്തണമെന്നും സിനിമാ മേഖലയിലെ സംഘടനകളിലെ അംഗത്വം റദ്ദാക്കണമെന്നും ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടു.
ലിജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. നിവിൻ പോളി, മഞ്ജു വാര്യർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നടൻ സണ്ണി വെയിനാണ് നിർമിക്കുന്നത്. ലിജു അറസ്റ്റിലായതോടെ സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.