കൊച്ചി: മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ഷൈൻ സമ്മതിച്ചിട്ടുണ്ടെന്നും തെറ്റ് തിരുത്താൻ അദ്ദേഹത്തിന് ഒരു അവസരം കൂടി നൽകുകയാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ഇത്തരം ശീലത്തിൽനിന്ന് പുറത്തുകടക്കാൻ ഷൈനിന് പ്രഫഷനൽ സഹായം ആവശ്യമാണെന്നും തെറ്റുതിരുത്താൻ നൽകുന്ന അവസാന അവസരമാണ് ഇതെന്നും ഉണ്ണികൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇത്തരം പെരുമാറ്റ രീതികൾ വെച്ചുപുലർത്തുന്നവരുമായി സഹകരിക്കാൻ ഫെഫ്കക്ക് ബുദ്ധിമുട്ടുണ്ട്. മയക്കുമരുന്ന് വലിയ ഭീഷണിയായി വളരുന്ന സാഹചര്യത്തിൽ സിനിമാമേഖലയെ ചുറ്റിപ്പറ്റി നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, തങ്ങൾ ജോലി ചെയ്യുന്ന മേഖല ലഹരിമുക്തമാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഫെഫ്കക്കുണ്ട്. ഇതിന്‍റെ ഭാഗമായി ലഹരിവിരുദ്ധ സമിതികൾ എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളിലും വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.
വിൻസി ഫെഫ്കയുമായി ബന്ധപ്പെട്ടിരുന്നു. ആരോപണ വിധേയനായ നടന്‍റെയും സിനിമയുടെയും പേര് വെളിപ്പെടുത്തരുതെന്നാണ് അവർ പറഞ്ഞത്. സിനിമയുടെ ആഭ്യന്തര സമിതിക്ക് (ഐ.സി) പരാതി നൽകാനാണ് വിൻസിയോട് നിദേശിച്ചത്. തൊഴിലിടം ലഹരിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്കിടെ അഭിനേതാക്കൾ ഈ രീതിയിൽ പെരുമാറിയാൽ പൊരുത്തപ്പെട്ട് പോകാൻ ബുദ്ധിമുട്ടാണെന്ന് താരസംഘടനയായ ’അമ്മ’യെ ഫെഫ്ക അറിയിച്ചിട്ടുണ്ട്. ഫെഫ്കയിലെ അംഗങ്ങൾക്കും ഇത് ബാധകമാണ്. നിർമാതാക്കൾ മുതൽ മുടക്കാൻ തയാറല്ലാത്തതിനാൽ മലയാളത്തിൽ കഴിഞ്ഞ ആറു മാസത്തിനിടെ സിനിമ നിർമാണം 45 ശതമാനം കുറഞ്ഞതായും ഉണ്ണികൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.