ആലപ്പുഴ: ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ മിഡാസ്, ശങ്കേഴ്സ് എന്നീ സ്വകാര്യ സ്‌കാനിങ് സെന്‍ററുകള്‍ ആരോഗ്യ വകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തത്.
നിയമപ്രകാരം സ്‌കാനിങ്ങിന്റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലാത്തതായി കണ്ടെത്തി. രണ്ട് സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്തു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം നടത്തുന്ന പരിശോധനകള്‍ക്കിടയിലാണ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. ഇതിന്‍റെ തുടര്‍അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തുടര്‍നടപടികളും ഉണ്ടാകും.
ആലപ്പുഴ ലജനത്ത് വാർഡ് നവറോജി പുരയിടത്തില്‍ അനീഷ്-സുറുമി ദമ്പതികളുടെ നവജാത ശിശുവിനാണ് ഗുരുതര ശാരീരിക വൈകല്യങ്ങള്‍ കണ്ടത്. ആലപ്പുഴ ഡബ്ല്യു ആൻഡ് സി ആശുപത്രിയിലെ ചികിത്സപ്പിഴവാണ് കാരണമെന്നും സ്വകാര്യ ലാബിന് വീഴ്ച സംഭവിച്ചതായും ആരോപിച്ച് ബന്ധുക്കള്‍ ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഗർഭകാലത്തെ സ്കാനിങ്ങില്‍ ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന് കുഞ്ഞിന്‍റെ കുടുംബം ആരോപിച്ചു. പ്രസവത്തിന്‍റെയന്നാണ് ഡോക്ടര്‍ ഇക്കാര്യത്തെക്കുറിച്ച് അനീഷിനോട് പറയുന്നത്. കുഞ്ഞിന്‍റെ ചെവിയും കണ്ണും ഉള്ളത് യഥാർഥ സ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും, കാലിനും കൈക്കും വളവുണ്ട്. ഗർഭകാലത്ത് പലതവണ നടത്തിയ സ്കാനിങ്ങിലൊന്നും ഡോക്ടർമാർ കുട്ടിയുടെ വൈകല്യം തിരിച്ചറിഞ്ഞിരുന്നില്ല.
സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തത്.
ചികിത്സപ്പിഴവുമൂലം നവജാത ശിശുവിന് ഗുരുതര വൈകല്യങ്ങളുണ്ടായെന്ന പരാതിയില്‍ വിദഗ്ധ മെഡിക്കല്‍ സംഘം കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് സംഘം വിവരങ്ങൾ തേടിയിരുന്നു. ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ വി. മീനാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിയത്. ഇവിടെ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് സംഘം പറഞ്ഞു.
വിദഗ്ധ സംഘത്തിന്‍റെ സമീപനത്തിൽ തൃപ്തി അറിയിച്ച മാതാപിതാക്കൾ, കുട്ടിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. ചികിത്സക്ക് ആവശ്യമായ സൗകര്യം ആലപ്പുഴയിൽതന്നെ ഒരുക്കാമെന്ന് ഇവർ വാഗ്ദാനം ചെയ്തു.
ഗർഭസ്ഥശിശുവിന് വൈകല്യങ്ങളുണ്ടെങ്കിൽ അത് കണ്ടെത്താൻ കൂടിയാണ് സ്കാൻ ചെയ്യുന്നത്. ഈ കുഞ്ഞിന്‍റെ കാര്യത്തിൽ അത് എന്തുകൊണ്ട് നടന്നില്ല എന്നതാണ് ദുരൂഹത ഉണർത്തുന്നത്. സ്വകാര്യ ലാബുകളിലെ സ്കാനിങ്ങിലെ പിഴവാണോ സ്കാനിങ് റിപ്പോർട്ട് വിലയിരുത്തുന്നതിൽ ഡോക്ടർമാർക്ക് സംഭവിച്ച പിഴവാണോ എന്നതാണ് വ്യക്തമാകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.