സരയു മോഹൻ, അനന്യ, വിനു മോഹൻ

'അമ്മ'യിലെ കൂട്ടരാജിയിൽ കടുത്ത ഭിന്നത; രാജിവെച്ചിട്ടില്ലെന്ന് സരയു, രാജിയിൽ താല്‍പര്യം ഉണ്ടായിരുന്നില്ലെന്ന് അനന്യ

കൊച്ചി: മലയാള സിനിമയെ പിടിച്ചുലച്ച ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ 'അമ്മ' സംഘടനയുടെ ഭരണസമിതി രാജിവെച്ചതിൽ കടുത്ത ഭിന്നത. ഏകകണ്ഠമായ തീരുമാനമാണ് ഭരണസമിതിയുടെ രാജിയെന്ന് ഭാരവാഹികൾ അറിയിച്ചെങ്കിലും രാജി എല്ലാവരുടെയും നിലപാടായിരുന്നില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. താൻ ആർക്കും രാജി നൽകിയിട്ടില്ലെന്നും രാജിവെക്കാൻ തീരുമാനിച്ചിരുന്നില്ലെന്നും എക്സിക്യൂട്ടിവ് അംഗം സരയു മോഹൻ പറഞ്ഞു. വ്യക്തിപരമായി രാജിയോട് താല്‍പര്യം ഉണ്ടായിരുന്നില്ലെന്ന് എക്സിക്യൂട്ടിവ് അംഗമായ അനന്യയും വ്യക്തമാക്കി.

പ്രസിഡന്‍റ് മോഹൻലാൽ, വൈസ് പ്രസിഡന്‍റുമാരായ ജഗദീഷ്, ജയൻ ചേർത്തല, ജോയിന്‍റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ, എക്സിക്യൂട്ടിവ് സമിതി അംഗങ്ങളായ അനന്യ, അൻസിബ ഹസൻ, ജോയ് മാത്യു, ജോമോൾ, കലാഭവൻ ഷാജോൺ, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരാണ് ഇന്നലെ രാജിവെച്ചതായി പ്രഖ്യാപനം വന്നത്. എന്നാൽ, എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ അനന്യ, സരയു, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവർ രാജി തീരുമാനത്തോട് വിയോജിപ്പ് അറിയിച്ചതായാണ് വിവരം.

സിദ്ദിഖ് നടത്തിയ വാർത്തസമ്മേളനം തെറ്റായിപ്പോയെന്ന അഭിപ്രായം എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പറഞ്ഞിട്ടുണ്ടെന്നും രാജിവെക്കുക തന്‍റെ തീരുമാനമല്ലെന്നും സരയൂ പറഞ്ഞു. കമ്മിറ്റി പിരിച്ചുവിടണമെന്ന തീരുമാനം താൻ എടുത്തിട്ടില്ല. എന്നാൽ, ഒരു സംഘടനയിലെ ഭൂരിഭാഗവും രാജിവെക്കുമ്പോൾ കമ്മിറ്റിക്കും രാജിവെക്കേണ്ടിവരും. പക്ഷേ, രാജിവെക്കാനുള്ള തീരുമാനം ഐക്യകണ്ഠമല്ല -സരയൂ മോഹൻ പറഞ്ഞു.

വ്യക്തിപരമായി രാജിയോട് താൽപര്യമില്ലെന്ന് അനന്യ പറഞ്ഞു. ആരോപണ വിധേയര്‍ വ്യക്തിപരമായി രാജിവെച്ച് ഒഴിയുകയെന്നതാണ് ശരി. ധാര്‍മികത മുന്‍നിര്‍ത്തിയാണ് രാജിവച്ചതെന്നും അനന്യ വ്യക്തമാക്കി.

രാജിയെന്ന തീരുമാനത്തിലേക്ക് വരുമ്പോൾ അത് ബാധിക്കുന്ന ആളുകളെ കുറിച്ച് ആശങ്കയുണ്ടായിരുന്നെന്ന് നടൻ വിനു മോഹൻ പറഞ്ഞു. അമ്മയിൽ നിന്ന് സഹായം ആശ്രയിച്ച് കഴിയുന്ന എത്രയോ പേരുണ്ട്. എക്സിക്യൂട്ടിവ് കമ്മിറ്റി ഇല്ലാതായാൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ഓൺലൈൻ യോഗത്തിൽ താൻ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭൂരിഭാഗത്തിന്‍റെ അഭിപ്രായത്തിന്‍റെ കൂടെ നിൽക്കുക എന്ന സംഘടന മര്യാദപ്രകാരമാണ് തീരുമാനത്തിനൊപ്പം നിന്നതെന്നും വിനു മോഹൻ പറഞ്ഞു. 

ഇന്നലെ ഓൺലൈനായി ചേർന്ന യോഗത്തിലാണ് അമ്മ സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റി രാജിവെക്കാൻ തീരുമാനിച്ചത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ധാർമിക ഉത്തരവാദിത്തം കണക്കിലെടുത്ത് രാജിവെക്കുന്നു എന്നാണ് മോഹൻലാൽ വ്യക്തമാക്കിയത്. ലൈംഗിക പീഡന ആരോപണമുയർന്നതിനു പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖ് നേരത്തെ രാജിവെച്ചിരുന്നു.

അതേസമയം, 'അമ്മ' കമ്മിറ്റി പിരിച്ചുവിട്ട നടപടിയെ വിമർശിച്ച് ഷമ്മി തിലകൻ, അനൂപ് ചന്ദ്രൻ എന്നിവർ ഇന്നലെ രംഗത്തെത്തിയിരുന്നു. ഉത്തരംമുട്ടിയപ്പോഴുള്ള ഒളിച്ചോട്ടമാണ് കമ്മിറ്റി മുഴുവനായും രാജിവെച്ച നടപടിയെന്ന് ഷമ്മി തിലകൻ പ്രതികരിച്ചിരുന്നു.

Tags:    
News Summary - Fierce split in collective resignation of 'Amma' executive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.