അട്ടപ്പാടിയിൽ ഭൂമി കൈയേറിയിട്ടില്ലെന്ന് സിനിമ നിർമാതാക്കളായ കെ. മോഹനനും ജഗദീഷ് ചന്ദ്രനും

കോഴിക്കോട്: അട്ടപ്പടിയിൽ ഭൂമി കൈയേറിയട്ടില്ലെന്ന് അന്നയും റസൂലും അടക്കമുള്ള സിനിമകളുടെ നിർമാതാവായ കെ. മോഹനനും മദിരാശി അടക്കമുള്ള ചിത്രങ്ങളുടെ നിർമാതാവായ ജഗദീഷ് ചന്ദ്രനും അറിയിച്ചു. വെച്ചപ്പതി ആദിവാസി ഊരിന് സമീപമുള്ള സർക്കാർ പുറമ്പോക്ക് കൈയേറിയതിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ സുകുമാരൻ അട്ടപ്പാടി ഡി.ജി.പിക്കും ഹൈകോടതിക്കും നൽകിയ പരാതി സംബന്ധിച്ച് മാധ്യമം ഓൺലൈനിൽ വാർത്ത നൽകിയിരുന്നു. ആ വാർത്ത വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നാണ് സിനിമ നിർമാതാക്കൾ അറിയിച്ചത്.

19 വർഷം മുമ്പ് അട്ടപ്പാടിയിലെ വെച്ചപ്പതിയിൽ 88 ഏക്കർ ഭൂമി എട്ട് പേർ ചേർന്ന് 2006ൽ വാങ്ങിയെന്ന് കെ. മോഹനൻ മാധ്യമം ഓൺലൈനിനോട് പറഞ്ഞു. അതേസമയം ജഗദീഷ് ചന്ദ്രൻ പറയുന്നത് പ്രകാരം 86 ഏക്കർ ഭൂമി 10 പേർ ചേർന്ന് അട്ടപ്പാടിയിലെ വെച്ചപ്പതിയിൽ വാങ്ങിയെന്നാണ്. തമിഴ് ഗൗണ്ടറിൽനിന്നും ഗുരുവായൂരിലുള്ള പാതിരിയിൽനിന്നുമാണ് 88 ഏക്കർ വിലക്ക് വാങ്ങിയത്. 88 ഏക്കർ സ്ഥലവും അളന്ന് തരിക്കാതെ ഒരുമിച്ച് കിടക്കുകയായിരുന്നു. ഈ ഭൂമിയിൽ ഏറെയും മറിച്ചു വിറ്റുവെങ്കിലും വാങ്ങിയവരാരും സ്ഥലം അളന്ന് അതിർത്തി കല്ലിട്ടിരുന്നില്ലെന്ന് മോഹനൻ പറഞ്ഞു.

 (ഹൈകോടതി ഉത്തരവ്)

ഭൂമി അളന്ന് കല്ലിടുന്നതിന് ഹൈകോടതി ഉത്തരവ് വാങ്ങിയാണ് പാലക്കാട് കലക്ടർ, ഒറ്റപ്പാലം ആർ.ഡി.ഒ, പാലക്കാട് എസ്.പി, അഗളി ഡി.വൈ.എസ്.പി, ഷോളയൂർ എസ്.എച്ച്.ഒ എന്നിവർക്ക് കെ. മോഹനനും കൊല്ലം പുള്ളിമാൻ ജങ്ഷനിൽ താമസിക്കുന്ന ഡോ. എസ്.ജെ ജോളിയും അപേക്ഷ നൽകിയത്. ഭൂമി അളന്ന് കല്ലിടുന്നതിന് മെയ് 27ന് താലൂക്ക് സർവേയറുമായി വെച്ചപ്പതിയിൽ എത്തി. ഡിജിറ്റൽ സർവേയിലൂടെ കെ. മോഹനന്റെ പേരിലുള്ള ഏഴേകാൽ ഏക്കർ ഭൂമിയും ഡോ. എസ്.ജെ ജോളിയുടെ പേരിലുള്ള നാലേകാൽ ഏക്കർ ഭൂമിയും അളന്ന് തരിച്ചു. 2023 ൽ വില്ലേജിൽ ചെന്നപ്പോൾ ഭൂമിയുടെ നികുതി അടച്ചു തന്നില്ല. അതിനാലാണ് കോടതി ഉത്തരവ് വഴി ഭൂമി അളന്ന് കല്ലിട്ട് സ്കെച്ച് തയാറാക്കി നികുതി അടക്കുന്നതിന് അപേക്ഷ നൽകാൻ തീരുമാനിച്ചത്.

ഹൈകോടതിയിലെ ഉത്തരവിൻ പ്രകാരം അഗളി തഹസിൽദാരുടെ ചുമതലയിൽ ഷോളയൂർ പൊലീസ് അധികാരികളുടെ സാന്നിധ്യത്തിലാണ് വസ്തുവിന്റെ അതിർത്തി അളന്ന് തിരിച്ചതെന്ന് ഇവർക്ക വേണ്ടി ഹാജരായ അഡ്വ. സുരേഷ് കുമാർ മാധ്യമം ഓൺലൈനിനോട് പറഞ്ഞു. താലൂക്ക് സർവേയർ ഭൂമി അളന്ന് തിരിക്കുകയും ചെയ്തു. അതിർത്തി കല്ലുകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞദിവസം അതിർത്തി കല്ലുകൾ നശിപ്പിക്കുന്നതായി കണ്ടെത്തി.

നേരത്തെ ഈ ഭൂമിയുമായി ബന്ധപ്പെട്ട തർക്ക പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ച ചിലരെ ഈ വസ്തുവിൽ പ്രവേശിക്കരുത് എന്ന് കോടതി നോട്ടീസ് അയച്ചു വിലക്കിയിരുന്നു. വസ്തുവിന്റെ അതിർത്തി നശിപ്പിച്ചവർക്കെതിരെ കർശന നടപടിക്കൊള്ളണമെന്നും അതിർത്തി പുനസ്ഥാപിച്ചു നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എസ്.പിക്ക് പരാതി നൽകിയെന്നും അഡ്വ. സുരേഷ്കുമാർ പറഞ്ഞു.

19 വർഷം മുമ്പ് വാങ്ങിയ ഭൂമിയിൽ അടുത്ത കാലത്ത് ബി.ജെ.പി പ്രവർത്തകർ  കയറി അവിടെ ക്ഷേത്രം നിർമിക്കാൻ ശ്രമം തുടങ്ങിയിരുന്നു. അങ്ങനെയാണ് ഹൈകോടതിയെ സമീപിച്ചത്. ഈ വസ്തുവിൽ മറ്റു കേസുകളോ അവകാശതർക്കങ്ങളോ ഇല്ല എന്ന് കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കോടതി അനുകൂലമായി ഉത്തരവിട്ടത്. അതനുസരിച്ചു ഭൂമി അളന്നു നൽകിയപ്പോൾ എതിർക്കുന്നവർ വലിയ തുക ചോദിച്ചു. എല്ലാ കേസുകളും തീർക്കാം എന്ന് പറഞ്ഞാണ് തുക ആവശ്യപ്പെട്ടത്. എന്നാൽ തുക നൽകാൻ തയാറായില്ല. അതിനാലാണ് സുകുമാരൻ എന്നയാൾ സർക്കാർ പുറമ്പോക്ക് കൈയേറിയെന്ന് പരാതി നൽകിയതെന്നും അഡ്വ. സുരേഷ് കുമാർ മാധ്യമം ഓൺലൈനിനോട് പറഞ്ഞു.

Tags:    
News Summary - Film producers K.Mohan and Jagadish Chandran said that land has not been encroached in Attapadi.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.