മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാർക്കാട് നോമ്പുകഞ്ഞിയിൽ വിഷം കലർത്തി നൽകി ഭർത്താവിന്‍റെ വല്യുമ്മയെ കൊലപ്പെടുത്തിയ കേസിൽ അന്തിമ വാദത്തിനിടെ പ്രതി ഫസീല കോടതിയിൽ പൊട്ടിക്കരഞ്ഞു. മകനുള്ളതിനാൽ ശിക്ഷ ഒഴിവാക്കണമെന്ന് ഒന്നാം പ്രതിയായ കണ്ടമംഗലം സ്വദേശിനി ഫസീല (27) ആവശ്യപ്പെട്ടു. കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസയെ (71) ആണ് കൊലപ്പെടുത്തിയത്. നബീസയുടെ മകളുടെ മകൻ കരിമ്പുഴ തോട്ടര പടിഞ്ഞാറേതില്‍ വീട്ടില്‍ ബഷീര്‍ (33) ആണ് രണ്ടാം പ്രതി.
ഭര്‍ത്താവിന്റെ പിതാവിന് മെത്തോമൈന്‍ എന്ന വിഷപദാര്‍ഥം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഫസീല നേരത്തേ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തൃപ്പുണ്ണിത്തറയിൽ പർദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവർന്ന കേസിലും, 2018 ൽ കല്ലേക്കാട് ബ്ലോക്കോഫീസിനു സമീപത്തെ ഫ്ലാറ്റിൽ നിന്ന് സ്വർണം കവർന്ന കേസിലും ഫസീല പ്രതിയാണ്.
പാപങ്ങൾ പൊറുക്കാൻ വേണ്ടി പ്രാർത്ഥിക്കുന്ന റമദാൻ മാസത്തിലാണ് പ്രതികൾ അതിക്രൂരമായ കൊലപാതകം നടത്തിയത്. നബീസ കൊല്ലപ്പെട്ടത് അതിക്രൂരമായിട്ടാണെന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
സ്വത്ത് തട്ടിയെടുക്കാനാണ് പേരമകൻ ബഷീറും ഭാര്യയും ചേർന്ന് നബീസയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് നാലു ദിവസം മുമ്പ് നബീസയെ ബഷീര്‍ മണ്ണാർക്കാട്ടെ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. രാത്രി നോമ്പുകഞ്ഞിയിൽ ചിതലിനുള്ള മരുന്ന് ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്കി. എന്നാൽ, ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മനസ്സിലാക്കിയതോടെ ബലംപ്രയോഗിച്ച് വായിലേക്ക് വിഷം ഒഴിച്ചു. മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു. ബഷീറും ഫസീലയും ആത്മഹത്യക്കുറിപ്പ് തയാറാക്കി 2016 ജൂണ്‍ 24ന് നബീസയുടെ മൃതദേഹം ആര്യമ്പാവ് - ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്കു സമീപം റോഡരികില്‍ ഉപേക്ഷിച്ചു. എഴുത്തും വായനയുമറിയാത്ത നബീസയുടെ സഞ്ചിയില്‍നിന്ന് കണ്ടെടുത്ത ഈ ആത്മഹത്യക്കുറിപ്പാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.