തിരുവനന്തപുരം: റേഷൻ വിതരണ കരാറുകാരുടെ പണിമുടക്കിനെ തുടർന്ന് ജനുവരിയിലെ റേഷൻ വിതരണം പാളിയതോടെ ഈ മാസത്തെ ഭക്ഷ്യധാന്യ വിതരണം ഫെബ്രുവരി നാലുവരെ നീട്ടി ഭക്ഷ്യവകുപ്പ്. ഫെബ്രുവരി അഞ്ചിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾക്ക് അവധിയായിരിക്കുമെന്നും ആറുമുതൽ ഫെബ്രുവരിയിലെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. റേഷന്‍ കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡുടമകള്‍ക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി കോമ്പിനേഷന്‍ ബില്ലിങ് ഫെബ്രുവരിയിലും അനുവദിച്ചിട്ടുണ്ട്.
റേഷൻ വിതരണ കരാറുകാരുടെ സമരത്തെ തുടർന്ന് സംസ്ഥാനത്ത് ആയിരക്കണക്കിന് റേഷൻ കടകളിൽ ജനുവരി അവസാനവും സാധനങ്ങൾ എത്തിയിട്ടില്ലെന്നും ഇതേതുടർന്ന് കടകൾ അടച്ചിട്ടിരിക്കുകയാണെന്നും ‘മാധ്യമം’ നേരത്തെ വാർത്ത നൽകിയിരുന്നു. കടകളിൽ റേഷൻ സാധനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ റേഷൻ വിതരണം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് റേഷൻ വ്യാപാരി സംഘടനകൾ സർക്കാറിനും ഭക്ഷ്യ കമീഷനും കത്ത് നൽകിയിരുന്നു. എന്നാൽ റേഷൻ വിതരണം നീട്ടില്ലെന്ന വാശിയിലായിരുന്നു ഭക്ഷ്യവകുപ്പ്. കടകളിൽ സ്റ്റോക്കില്ലെന്നും കടകൾ കാലിയാണെന്നുമുള്ള വാർത്തകൾ വസ്തുതവിരുദ്ധമാണെന്നും ഫെബ്രുവരിയിലെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളാണ് ഇപ്പോൾ റേഷൻ കടകളിലേക്ക് വാതിൽപടിയായി എത്തിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചത്. ഇതിന്റെ ഭാഗമായി ജനുവരി 31ഓടെ ഈ മാസത്തെ റേഷൻ വിതരണം അവസാനിപ്പിക്കാനും ഇതുസംബന്ധിച്ച് താലൂക്ക് സപ്ലൈ ഓഫിസർമാർ കാർഡുടമകൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകണമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപാരികളിൽ വ്യാപക പ്രതിഷേധമാണുയർന്നത്. വ്യാഴാഴ്ച പലരും തങ്ങളുടെ ഒഴിഞ്ഞ കടകളുടെ ചിത്രങ്ങളും വിഡിയോസും മന്ത്രി ഓഫിസിനും പൊതുവിതരണ ഡയറക്ടർക്കും ഫോണിൽ അയച്ചുനൽകി. തൃശൂർ ജില്ലയിൽ മാത്രം 412 കടകളിൽ ജനുവരിയിലെ റേഷൻ ലഭിക്കാനുണ്ടെന്ന് റേഷൻ സംഘടന നേതാക്കൾ മന്ത്രിയെ അറിയിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് ഈ മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാലുവരെ നീട്ടിനൽകാൻ ഭക്ഷ്യവകുപ്പ് നിർബന്ധിതരായത്. പ്രതിമാസം 84 ശതമാനം വരെ റേഷൻ വിതരണം നടക്കാറുള്ള കേരളത്തിൽ ഈ മാസം ഇതുവരെ 70 ശതമാനമാണ് നടന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.