തൃശൂർ: റേഷൻ വിതരണം സുതാര്യമാക്കാൻ വിതരണ വാഹനങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കി സർക്കാർ. റേഷൻ വിട്ടെടുപ്പ്-വിതരണ വാഹനങ്ങൾ മുഖേന നടക്കുന്ന തട്ടിപ്പും വെട്ടിപ്പും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ജി.പി.എസ് ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തി വാഹനങ്ങളെല്ലാംതന്നെ കേന്ദ്രീകൃത രീതിയിൽ ഒന്നിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. 2013ൽ ഭക്ഷ്യഭദ്രത നിയമം (എൻ.എഫ്.എസ്.എ) കേരളത്തിൽ നടപ്പാക്കിയത് മുതൽ ഉയർന്ന ആവശ്യമാണിത്. ഇടതു സർക്കാർ ഭരണം തുടങ്ങിയ സന്ദർഭത്തിലും ആവശ്യം ശകത്മായിരുന്നു. എന്നാൽ, ഇതുവരെ അതിന് തയാറാവാത്ത വകുപ്പ് അവസാനഘട്ടത്തിൽ ഇതിന് തയാറാവുന്നത് സമ്മർദത്തിന് വഴങ്ങിയാണ്.
പലയിടത്തും വിതരണക്കാരും ഉദ്യോഗസ്ഥരും േചർന്ന് വ്യാപകമായ വെട്ടിപ്പ് നടത്തിയത് പിടിക്കപ്പെട്ടിരുന്നു. എന്നിട്ടും ഇതുവരെ നടപടി സ്വീകരിക്കാത്ത വകുപ്പാണ് അവസാനഘട്ടത്തിൽ ഇത്തരമൊരു പദ്ധതിയുമായി രംഗത്തുവരുന്നത്. റേഷൻ മാഫിയയും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ചേർന്ന അവിശുദ്ധ കൂട്ടുകെട്ടാണ് നിരീക്ഷണ നടപടികൾക്ക് എതിരുനിന്നിരുന്നത്.
കഴിഞ്ഞ മൂന്നുതവണ വിളിച്ച വാഹന കരാറിലും നിരീക്ഷണ സംവിധാനം പ്രധാന മാനദണ്ഡമായി ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. പുതിയ കാരാർ നടപടികൾ പുരോഗമിക്കവെ ഇത്തവണയും ഇതുമായി ബന്ധപ്പെട്ട നടപടികളിൽ കൃത്യത പുലർത്തിയിരുന്നില്ല. എന്തായാലും ജി.പി.എസ് ട്രാക്കിങ് സംവിധാനം നടപ്പാക്കി അഴിമതിക്ക് തടയിടാനാണ് സർക്കാർ ഇേപ്പാൾ നടപടി സ്വീകരിക്കുന്നത്.
ഇതിെൻറ ഭാഗമായി പൊതുവിതരണത്തിനായി സപ്ലൈകോ കാരാറിൽ എടുക്കുന്ന വാഹനങ്ങൾ ജി.പി.എസ് മുഖേന ബന്ധിപ്പിക്കും. ഇത്തരം വാഹനങ്ങളെല്ലാംതന്നെ കേന്ദ്രീകൃത രീതിയിൽ ഒന്നിപ്പിക്കാൻ സർവർ ഉപയോഗിക്കും. അതിനാൽ കരാറിൽ മുൻകൂട്ടി നിശ്ചയിക്കുന്ന വാഹനങ്ങൾ മാത്രമേ പൊതുവിതരണത്തിന് ഉപയോഗിക്കാനാവൂ. ഇതര വാഹനങ്ങൾ ഉപയോഗിച്ചാൽ അവയുടെ വാടക നൽകേണ്ടതില്ലെന്ന നയം കൂടി പിന്നാലെയുണ്ടാവും. മുൻകൂട്ടി അപേക്ഷിക്കാതെ അടിയന്തര ആവശ്യങ്ങൾക്ക് മറ്റ് വാഹനങ്ങൾ ഉപയോഗിക്കാനുമാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.