നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം -എസ്. രാജേന്ദ്രൻ

ഇടുക്കി: മൂന്നാ‌ർ സർവിസ് സഹകരണ ബാങ്കിന്‍റെ മറവിൽ സി.പി.എം നേതാക്കൾ നടത്തുന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. രണ്ടുവർഷം മുമ്പ് സി.പി.എം ഭരിക്കുന്ന ബാങ്ക് 29.5 കോടി രൂപ മുടക്കി റിസോർട്ട് വാങ്ങിയിരുന്നു. ഇതിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം.

മണിയുള്ള പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും സി.പി.എം അംഗത്വം പുതുക്കുന്നില്ലെന്നും രാജേന്ദ്രൻ മൂന്നാറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കളവ് പറയുന്ന എം.എം. മണി നിലവാരമുള്ള നേതാവല്ല. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. കൂട്ടത്തിലുള്ള ആളുകളെ കള്ളക്കേസിൽ കുടുക്കുന്നു. സി.പി.എം പ്രാദേശിക ഘടകത്തിന്‍റെ അറിവോടു കൂടിയാണിത്. പല പാർട്ടികളും തന്നെ സമീപിച്ചിരുന്നു. തൽക്കാലം മറ്റൊരു പാർട്ടിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല.

അതേസമയം, റിസോർട്ട് വിഷയത്തിൽ അന്വേഷണം നടത്തിയാൽ രാജേന്ദ്രൻതന്നെ പെടുമെന്ന് മുൻ മന്ത്രി എം.എം. മണി മറുപടി നൽകി. രാജേന്ദ്രനെ രാജേന്ദ്രനാക്കിയ പാർട്ടിക്കെതിരെ അദ്ദേഹം പണിയുകയാണ്. രാജേന്ദ്രൻ പാർട്ടിക്കെതിരെ പ്രവർത്തിച്ചതുകൊണ്ടാണ് നടപടി എടുത്തത്. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ തനിക്കെതിരെയാണെങ്കിലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമോപദേശം വാങ്ങിയാണ് റിസോർട്ട് വാങ്ങിയതെന്നും ക്രമക്കേട് നടന്നു എന്നതിന് എന്തെങ്കിലും തെളിവ് ഉണ്ടെങ്കിൽ ഹാജരാക്കട്ടെയെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശിയും വിഷയത്തിൽ പ്രതികരിച്ചു.

Tags:    
News Summary - Financial transactions of leaders should be investigated -S. Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.