മീനിലെ മായം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധന ശക്തമാക്കുന്നു

തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധന ശക്തമാക്കുന്നു. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയുണ്ടാവുകയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാവുകയും ചെയ്തതിനെ തുടര്‍ന്നാണ്​ തീരുമാനം. നെടുങ്കണ്ടത്തെ ആറിടത്തുനിന്ന്​ ശേഖരിച്ച എട്ട്​ സാമ്പിളുകള്‍ എറണാകുളം കാക്കനാട്ടെ ഭക്ഷ്യസുരക്ഷ വകുപ്പി‍െൻറ റീജനല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം എത്രയും വേഗം ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കും.

ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഞായറാാഴ്ച പ്രദേശത്ത് പരിശോധന നടത്തി. ഉടുമ്പന്‍ചോല ഫുഡ് സേഫ്റ്റി ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘവും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മുണ്ടിയെരുമ, തൂക്കുപാലം, കൂട്ടാര്‍, കൊച്ചറ, പുറ്റടി എന്നിവിടങ്ങളിലെ ആറ്​ വില്‍പന കേന്ദ്രങ്ങളില്‍നിന്നാണ് മത്സ്യ സാമ്പിളുകള്‍ ശേഖരിച്ചത്.

തൂക്കുപാലത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍നിന്ന് മീന്‍ വാങ്ങിയവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മീനി‍െൻറ തലയും ചില ഭാഗങ്ങളും കഴിച്ച വീട്ടിലെ രണ്ട് പൂച്ചകള്‍ക്കും പൂച്ചക്കുട്ടികള്‍ക്കും ചില പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് അവര്‍ വെറ്ററിനറി സര്‍ജനെ ഇക്കാര്യം അറിയിച്ചു. ഭക്ഷ്യവിഷബാധയോ സീസണല്‍ വൈറസോ ആകാം പൂച്ചകളുടെ മരണത്തിന് കാരണമെന്ന് നെടുങ്കണ്ടം വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

അടുത്ത കാലത്തായി മത്സ്യം കഴിച്ച ചിലര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതായി മെഡിക്കല്‍ ഓഫിസറും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശത്തി‍െൻറ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് അടിയന്തരമായി അന്വേഷിച്ച് സാമ്പിള്‍ ശേഖരിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചത്.

Tags:    
News Summary - Fish adulteration: Strengthens food security inspections in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.