ചെറുതോണി: ഇടുക്കി ഡാമുൾപ്പെടെ ജില്ലയിലെ ജലസംഭരണികളിൽ മത്സ്യം വളർത്തി വരുമാനം വർധിപ്പിക്കാനുള്ള സർക്കാർ പദ്ധതി പാളി. ഡാമുകളിൽ മത്സ്യം നിക്ഷേപിച്ചതുമൂലം കോടികൾ വെള്ളത്തിലായത് മാത്രം മിച്ചം. മത്സ്യസമ്പത്തിനുള്ള സംവിധാനമോ വിപണനസൗകര്യമോ ഇല്ലാതെ കോടികൾ ചെലവഴിച്ച് ഡാമുകളിൽ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങൾ വളർച്ച പ്രാപിക്കും മുമ്പേ ചത്തൊടുങ്ങി.
ഇത്തവണ ഇടുക്കി ഡാമിൽ കോടികൾ മുടക്കി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത് ഡാമിന്റെ അങ്ങേയറ്റത്ത് മേമാരി അട്ടപ്പള്ളം ഭാഗത്താണ്. ഇതുവരെ കിടന്ന വെള്ളവും ഡാമിലെ വെള്ളവും വ്യത്യാസമുള്ളതിനാൽ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങൾ ഒന്നാകെ ചത്തൊടുങ്ങുകയായിരുന്നു. വർഷങ്ങൾക്കു മുമ്പ് ജില്ല പഞ്ചായത്ത് മത്സ്യസമ്പത്ത് വളർത്താനെന്ന പേരിൽ ജില്ലയിലെ 10 ജലസംഭരണികളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു.
എന്നാൽ, ഉദ്ദേശിച്ച രീതിയിൽ മത്സ്യസമ്പത്തിൽ വർധനയുണ്ടായില്ല. പദ്ധതിയുടെ പിന്നിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി ആരോപണമുയർന്നിരുന്നു. ഇടുക്കി ഡാം കൂടാതെ ആനയിറങ്കൽ, ചെങ്കുളം, മാട്ടുപ്പെട്ടി, പൊൻമുടി, കല്ലാർകുട്ടി ഡാമുകളാണ് പ്രധാനമായും മത്സ്യം വളർത്താനായി തെരഞ്ഞെടുത്തത്. ഇവിടെ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങളുടെ കണക്ക് നോക്കിയാൽ ഒരു നേട്ടവുമുണ്ടായില്ല. സർക്കാറിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു.
നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തുകയിൽ തട്ടിപ്പ് നടത്തിയതായി ആരോപണമുയർന്നിട്ടും അന്വേഷണമുണ്ടായില്ല. കുറച്ച് കാലങ്ങളായി നിക്ഷേപിക്കുന്ന ആറ്റുകൊഞ്ചിൻ കുഞ്ഞുങ്ങളെ ജലാശയങ്ങളിൽ നിലവിലുള്ള മത്സ്യങ്ങൾ തിന്നുതീർക്കുകയാണന്നും ഉദ്യോഗസ്ഥർ പറയുന്നു. ഡാമിൽ നിന്ന് മീൻപിടിക്കാനുള്ള അവകാശം ആദിവാസികൾക്കു മാത്രമാണ്. ഇടുക്കിയിൽ ചുരുങ്ങിയ ആദിവാസികൾ മാത്രമാണ് മീൻപിടിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
കാലപ്പഴക്കം മൂലം ജീർണിച്ച വള്ളത്തിലും മുളകൊണ്ട് തീർത്ത ചങ്ങാടത്തിലുമാണ് ജലസംഭരണിയിലൂടെ ഇവരുടെ യാത്ര. കീറിപ്പറിഞ്ഞ പഴയ ചൂണ്ടയും വലയുമാണ് ഉപകരണങ്ങൾ. കൊടുതണുപ്പിൽ രാത്രിയിൽ കാട്ടുമൃഗങ്ങളുടെ ശല്യത്തെ അവഗണിച്ചാണ് ഇവർ മീൻ പിടിക്കുന്നത്. കാറ്റുള്ളപ്പോൾ ഓളങ്ങളേറുമെന്നതിനാൽ പലപ്പോഴും ജീവൻ പണയം വച്ചാണ് മീൻ പിടിക്കുന്നത്.
കിട്ടുന്ന മീനിന്റെ വിപണനത്തിലുമുണ്ട് പ്രശ്നങ്ങൾ. വലിയ മീൻ കിട്ടിയാൽ ചില ഉദ്യോഗസ്ഥന്മാരെത്തി പൈസ കൊടുക്കാതെ കൊണ്ടുപോകുന്നതായും ആദിവാസികൾ പറയുന്നു. ബാക്കിയുള്ളത് കച്ചവടക്കാർക്ക് നൽകിയാലും ന്യായവില കിട്ടാറില്ല. വർഷംതോറും സർക്കാറിന് വൻ നഷ്ടമുണ്ടാക്കുന്ന ഈ പദ്ധതി കാര്യക്ഷമമായി നോക്കി നടത്താനും ലാഭത്തിലാക്കാനും ബന്ധപ്പെട്ടവർ ശ്രമിക്കാറില്ല. ഡാമുകളിൽ മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതോടെ ഉത്തരവാദിത്തങ്ങൾ അവസാനിച്ചെന്ന മട്ടിലാണ് ഉദ്യോഗസ്ഥരുടെ സമീപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.